തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഇടതുമുന്നണിക്ക് ആശ്വാസ വിജയം

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ആശ്വാസ വിജയം. 44 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 ഇടത്ത് ഇടതുമുന്നണി വിജയം നേടി. അതേസമയം, തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്ത് ഭരണം ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

കാസർഗോഡ് ഒഴികെയുളള 13 ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 33 ഗ്രാമപഞ്ചായത്തുകളും 6 ബ്ലോക്ക് പഞ്ചായത്തുകളും 5 നഗരസഭകളുമുൾപ്പെടെ 44 വാർഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതിൽ 22 വാർഡുകളിൽ ഇടതുമുന്നണിയും 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും വിജയിച്ചു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 23 ഇടത്ത് എൽഡിഎഫും 14 ഇടത്ത് യുഡിഎഫും നാലിടത്ത് ബിജെപിയും എന്നതായിരുന്നു സ്ഥിതി.

Read Also : ആന്തൂർ ആത്മഹത്യ; പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ആവർത്തിച്ച് പി ജയരാജൻ

14 വാർഡുകൾ നിലനിർത്തിയ എൽഡിഎഫ് 8 വാർഡുകൾ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. 10 സിറ്റിങ് സീറ്റുകൾ നിലനിർത്തിയ യുഡിഎഫ് ഇടതുമുന്നണിയിൽ നിന്ന് ഏഴുവാർഡുകൾ പിടിച്ചെടുത്തു. കഴിഞ്ഞ തവണത്തെ നാലുവാർഡുകൾ നിലനിർത്തിയതിനൊപ്പം ചേർത്തല മുനിസ്സിപ്പാലിറ്റിയിലെ ടി ഡി അമ്പലം വാർഡ് യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ഒരു വാർഡിനു പുറമേ ഇടതുമുന്നണിക്ക് ഒരു പഞ്ചായത്ത് ഭരണവും നഷ്ടമായി.

തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ വലിയ പരിക്കുകളില്ലാതെ കരകയറിയൻറെ ആശ്വാസത്തിലാണ് സിപിഎം. തിരുവനന്തപുരം നാവായിക്കുളത്ത് ആർ എസ് പി പ്രതിനിധിയെ തോൽപ്പിച്ചാണ് ഇടതു സ്ഥാനാർത്ഥി വിജയിച്ചത്. ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആർ എസ് പിക്ക് ആകെയുണ്ടായിരുന്ന പ്രാതിനിധ്യം ഇതോടെ നഷ്ടമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top