പീരുമേട് കസ്റ്റഡി മരണം; രാജ്കുമാറിന് സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള വിദ്യാഭ്യാസമില്ല; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ

രാജ്കുമാറിന് സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള വിദ്യാഭ്യാസമില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ വിജയ . രണ്ട് മാസം മുൻപ് രാജ്കുമാറിനെ കാണാതായെന്നും സാമ്പത്തിക ഇടപാടിലടക്കം അന്വേഷണം വേണമെന്നും വിജയ ആവശ്യപ്പെട്ടു . ഒരു പാര്‍ട്ടിക്കാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നീതി ലഭിക്കും വരെ പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്നും കുടുംബം അറിയിച്ചു.

എഴുത്തും വായനയും അറിയാത്ത ആളായിരുന്നു രാജ്കുമാറെന്നും, പന്ത്രണ്ടിന് രാത്രി പൊലീസ് എത്തുമ്പോള്‍ മാത്രമാണ് സാമ്പത്തിക ഇടപാടിനെ കുറിച്ച് കേട്ടതെന്നും ഭാര്യ വിജയ പറഞ്ഞു. ഏപ്രില്‍ പതിനേഴ് മുതല്‍ കാണാതായിരുന്നു. ഇതുസംബന്ധിച്ച് വാഗമണ്‍ പൊലീസില്‍ പരാതി നല്‍കിയെന്നും വിജയ വ്യക്തമാക്കി. രാജാകുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. പിന്നില്‍ ആരോ ഉണ്ടെന്ന് സംശയമുണ്ടെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിജയ ആരോപിച്ചു. രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ ഇടയായ കേസില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം വേണമെന്നും വിജയ ആവശ്യപ്പെട്ടു.

സിപിഐഎം പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന രാജ്കുമാറിന്റെ ബന്ധു ആന്റണിയുടെ ആരോപണം വിജയ തള്ളി. ഒരു പാര്‍ട്ടിക്കാരും ഭീഷണി മുഴക്കിയിട്ടില്ലെന്നും നീതി ലഭിക്കും വരെ പരാതിയില്‍ ഉറച്ചു നിൽക്കുമെന്നും വിജയ വ്യക്തമാക്കി.

ഭീഷണിക്കു ശേഷം രാജ്കുമാറിന്റെ ഭാര്യയും അമ്മയും പിന്‍വലിയുന്നെന്നായിരുന്നു ആന്റണി വ്യക്തമാക്കിയത്. പന്ത്രണ്ടിന് രാത്രി വീട്ടിലെത്തിച്ച രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിക്കുന്നത് കണ്ടെന്നും ആന്റണി പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top