Advertisement

കളി മറന്ന് ശ്രീലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് 204 റൺസ് വിജയലക്ഷ്യം

June 28, 2019
Google News 1 minute Read

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ലങ്ക 49.3 ഓവറിൽ 203 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ബൗളർമാരുടെ മികച്ച പ്രകടനത്തിൻ്റെ മികവിലാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തളച്ചത്. 3 വിക്കറ്റ് വീതമെടുത്ത ഡ്വെയിൻ പ്രെട്ടോറിയസും ക്രിസ് മോറിസുമാണ് ബൗളിംഗിൽ തിളങ്ങിയത്. കുശാൽ പെരേരയും അവിഷ്ക ഫെർണാണ്ടോയും 30 റൺസ് വീതമെടുത്ത് ലങ്കയുടെ ടോപ്പ് സ്കോറർമാരായി.

ഉജ്ജ്വലമായാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ റബാഡ ആദ്യ വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നയെ റബാഡ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് കഴിഞ്ഞ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച അവിഷ്ക ഫെർണാണ്ടോ ക്രീസിലെത്തി. ഇംഗ്ലണ്ടിനെതിരെ നിർത്തിയ ഇടത്തു നിന്നും തുടങ്ങിയ ഫെർണാണ്ടോയോടൊപ്പം പെരേരയും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ ലങ്കൻ സ്കോർ കുതിച്ചു.

രണ്ടാം വിക്കറ്റിൽ 67 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഈ സഖ്യം 10ആം ഓവറിലാണ് വേർപിരിയുന്നത്. 30 റൺസെടുത്ത ഫെർണാണ്ടോയെ പ്രെട്ടോറിയസിൻ്റെ പന്തിൽ ഡുപ്ലെസിസ് ഡുപ്ലെസിസി പിടികൂടി. 12ആം ഓവറിൽ വീണ്ടും പ്രെട്ടോറിയസ്. ഇത്തവണ 30 റൺസെടുത്ത കുശാൽ പെരേരയെ പ്രെട്ടോറിയസ് ക്ലീൻ ബൗൾഡാക്കി.

തുടർന്ന് ആഞ്ചലോ മാത്യൂസും കുശാൽ മെൻഡിസുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമം തുടങ്ങി. എന്നാൽ 22ആം ഓവറിൽ മാത്യൂസിനെ ക്ലീൻ ബൗൾഡാക്കിയ മോറിസ് ശ്രീലങ്കയുടെ നാലാം വിക്കറ്റ് വീഴ്ത്തി. 11 റൺസെടുത്താണ് മാത്യൂസ് പുറത്തായത്. 28ആം ഓവറിൽ കുശാൽ മെൻഡിസിനെയും (23) പുറത്താക്കിയ പ്രെട്ടോറിയസ് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. ക്രിസ് മോറിസ് പിടിച്ചാണ് മെൻഡിസ് പുറത്തായത്.

ധനഞ്ജയ ഡിസിൽവയും ജീവൻ മെൻഡിസും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും ചെറുത്തു നില്പ് 37ആം ഓവറിൽ അവസാനിച്ചു. പാർട്ട് ടൈം ബൗളർ ഡുമിനിയെ റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച ഡിസിൽവ ക്ലീൻ ബൗൾഡായി. 24 റൺസെടുത്ത ശേഷമാണ് ഡിസിൽവ പുറത്തായത്. തുടർന്ന് ജീവൻ മെൻഡിസ്-തിസാര പെരേര സഖ്യം ഏഴാം വിക്കറ്റിൽ 28 റൺസ് കൂട്ടിച്ചേർത്തു. 40ആം ഓവറിൽ മെൻഡിസിനെ പ്രെട്ടോറിയസിൻ്റെ കൈകളിലെത്തിച്ച മോറിസ് മത്സരത്തിലെ രണ്ടാം വിക്കറ്റ് വീഴ്ത്തി. പുറത്താവുമ്പോൾ 18 റൺസായിരുന്നു മെൻഡിസിൻ്റെ സമ്പാദ്യം.

46ആം ഓവറിൽ തിസാര പെരേരയും പുറത്തായി. 21 റൺസെടുത്ത പെരേരയെ പെഹ്‌ലുക്ക്‌വായോ റബാഡയുടെ കൈകളിലെത്തിച്ചു. 48ആം ഓവറിൽ 17 റൺസെടുത്ത ഇസിരു ഉഡാനയെ സ്വന്തം ബൗളിംഗിൽ പിടികൂടിയ റബാഡ മത്സരത്തിലെ രണ്ടാം വിക്കറ്റ് കണ്ടെത്തി. അവസാന ഓവറിൽ മലിംഗയെ (4) ഡുപ്ലെസിസിൻ്റെ കൈകളിലെത്തിച്ച മോറിസ് ശ്രീലങ്കൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. അഞ്ച് റൺസെടുത്ത സുരംഗ ലക്മൽ പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here