ഡുപ്ലെസിസിനും അംലയ്ക്കും അർദ്ധശതകം; ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഒൻപത് വിക്കറ്റിൻ്റെ ജയമാണ് പ്രോട്ടീസ് കുറിച്ചത്. 204 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ക്വിൻ്റൺ ഡികോക്കിനെ മാത്രം നഷ്ടപ്പെടുത്തി 37.2 ഓവറിൽ വിജയം കുറിച്ചു. അർദ്ധശതകങ്ങളുമായി തിളങ്ങിയ ഫാഫ് ഡുപ്ലെസിസും ഹാഷിം അംലയുമാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി തിളങ്ങിയത്. ശ്രീലങ്കൻ ബൗളർമാർക്കാർക്കും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.

204 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക നന്നായാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ ഡുപ്ലെസിസും ഡികോക്കും ചേർന്ന് 31 റൺസ് കൂട്ടിച്ചേർത്തു. ലസിത് മലിംഗയുടെ ഒരു യോർക്കർ ഡികോക്കിൻ്റെ ലെഗ് സ്റ്റമ്പ് പിഴുതതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 16 റൺസെടുത്താണ് ഡികോക്ക് പുറത്തായത്.

രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന അംല-ഡുപ്ലെസിസ് സഖ്യം അനായാസം ലങ്കൻ ബൗളർമാരെ നേരിട്ടു. 56 പന്തുകളിൽ അംലയും 70 പന്തുകളിൽ ഡുപ്ലെസിസും അർദ്ധസെഞ്ചുറിയിലെത്തി. തുടർന്ന് ഗിയർ മാറ്റിയ ഡുപ്ലെസിസ് വളരെ വേഗം സ്കോർ ഉയർത്തി. 38ആം ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടിയ ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പിലെ രണ്ടാം വിജയം സമ്മാനിച്ചത്.

80 റൺസെടുത്ത ഹാഷിം അംലയും 96 റൺസെടുത്ത ഡുപ്ലെസിസും പുറത്താവാതെ നിന്നു. അപരാജിതമായ രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 175 റൺസാണ് നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top