ബിജെപിയിൽ എത്തിയത് മുജ്ജൻമ സുകൃതം; ദേശീയ മുസ്ലീമായെന്ന തന്റെ പരാമർശത്തെ ട്രോളുന്നവർ ചരിത്രബോധമില്ലാത്തവരെന്നും അബ്ദുള്ളക്കുട്ടി

ബിജെപിയിൽ എത്തിയത് മുജ്ജൻമ സുകൃതമാണെന്ന് എ.പി അബ്ദുള്ളക്കുട്ടി. ദേശീയ മുസ്ലീമായെന്ന തന്റെ പരാമർശത്തെ കളിയാക്കുന്ന ട്രോളൻമാർ ചരിത്ര ബോധമില്ലാത്തവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയിൽ അംഗത്വം നേടിയ ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ആദ്യ പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ദേശീയ മുസ്ലീം എന്ന തന്റെ പ്രയോഗം ബോധപൂർവ്വമാണ്. ട്രോളുന്നവർക്ക് ചരിത്രബോധമില്ല. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും പൊതുരംഗത്ത് തുടരണമെന്ന പ്രധാനമന്ത്രിയുടെ സ്‌നേഹപൂർവ്വമായ ഉപദേശത്തെ തുടർന്നാണ് ബിജെപിയിൽ ചേർന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെയും സംസ്ഥാന സർക്കാരിനെയും രൂക്ഷമായി വിമർശിച്ച അബ്ദുള്ളക്കുട്ടി മോദിയുടെ ഗുജറാത്തിൽ ഒരു നിക്ഷേപകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും വ്യക്തമാക്കി. ബിജെപിയിൽ അംഗത്വമെടുത്ത ശേഷം ആദ്യമായി കണ്ണൂരെത്തിയ അബ്ദുള്ളക്കുട്ടിയെ ജില്ലാ നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്. മാരാർജി സ്മൃതിമണ്ഡപത്തിൽ പുഷ്പഹാരം അണിയിച്ച ശേഷം ജില്ലാ നേതൃ ശിൽപ്പശാലയിലും അബ്ദുള്ളക്കുട്ടി പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top