കോൺഗ്രസിൽ നേതാക്കളുടെ രാജി തുടരുന്നു; അടുത്ത ആഴ്ച പ്രവർത്തക സമിതി യോഗം ചേരുമെന്ന് സൂചന

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു തുടരില്ലെന്ന് വ്യക്തമാക്കിയതോടെ കോൺഗ്രസ്സിൽ നേതാക്കളുടെ രാജി തുടരുകയാണ്. പ്രതിസന്ധി മറികടക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തക സമിതി വിളിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അടുത്ത ആഴ്ച പ്രവർത്തക സമിതി യോഗം ചേരുമെന്നാണ് സൂചന.
ഗോവ പിസിസി ഗിരീഷ് ചോധൻകറാണ് ഏറ്റവും ഒടുവിൽ രാജി വെച്ച നേതാവ്. ജനറൽ സെക്രട്ടറിമാരടക്കം നൂറ്റി അൻപതോളം നേതാക്കളാണ് ഇത് വരെ രാജി കത്ത് നൽകിയിട്ടുണ്ട്. രാജി വെച്ച നേതാക്കൾ സംഘടന ചുമതലയുള്ള കെ സി വേണുഗോപാലുമായി കൂടികാഴ്ച്ച നടത്തി. രാഹുൽ രാജിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. എ കെ ആന്റണി, മൻമോഹൻ സിംഗ്, അഹമ്മദ് പട്ടേൽ തുടങ്ങിയ നേതാക്കൾ രാഹുലുമായി ചർച്ച നടത്തി പ്രവർത്തക സമിതി വിളിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. രാഹുൽ ഗാന്ധിക്ക് പകരം പുതിയ ഒരാളെ അധ്യക്ഷനായി കണ്ടെത്തുക മാത്രമാണ് കോൺഗ്രസിനു മുന്നിലുള്ള ഏക പോംവഴി. അതിനു സി ഡബ്ല്യൂ സി വിളിച്ചു ചേർക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് സൂചന.
മൂന്ന് മാസം കഴിയുമ്പോൾ നാല് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു വരികയാണ്. പ്രവർത്തകരെ ഏകോപിപ്പിക്കാനോ തന്ത്രങ്ങൾ മെനയാനോ രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിക്ക് പക്ഷെ നേതാവില്ല. ഒരു മാസം കഴിഞ്ഞും രാഹുൽ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് വ്യക്തമായതോടെയാണ് നേതാക്കൾ രാജി വെച്ച് തുടങ്ങിയത്. രാജി തുടരൂമെന്നാണ് ദേശീയ സെക്രട്ടറി വീരേന്ദർ റാത്തോർ പറഞ്ഞു.
ബൈറ്റ്
പിസിസി അധ്യക്ഷന്‍മാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യൂത്ത് കോണ്‍ഗ്രസ് – മഹിള കോണ്‍ഗ്രസ്- സേവ ദള്‍ നേതാക്കള്‍, വിവിധ സെല്ലുകളുടെ തലവന്‍മാര്‍ തുടങ്ങി രാജി പട്ടിക നീളുകയാണ്.