അസ്ഗർ അഫ്ഗാന്റെ കൗണ്ടർ അറ്റാക്ക് വിഫലം; അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച

പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാന് ബാറ്റിംഗ് തകർച്ച. മുൻ നായകൻ അസ്ഗർ അഫ്ഗാൻ്റെ കൗണ്ടർ അറ്റാക്ക് അവരെ ഭേദപ്പെട്ട നിലയിൽ എത്തിച്ചുവെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് അവരെ തകർക്കുകയായിരുന്നു. 31 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് അഫ്ഗാനിസ്ഥാൻ നേടിയിരിക്കുന്നത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ മികച്ച രീതിയിലാണ് ആരംഭിച്ചത്. ഓപ്പണർമാരായ റഹ്മത് ഷായും ഗുൽബദിൻ നെയ്ബും തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയതോടെ പാക്കിസ്ഥാൻ പതറി. ഓപ്പണിംഗ് വിക്കറ്റിൽ 27 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാർ ഷഹീൻ അഫ്രീദി എറിഞ്ഞ അഞ്ചാം ഓവറിലാണ് വേർപിരിയുന്നത്. 15 റൺസെടുത്ത നയ്ബിനെ വിക്കറ്റ് കീപ്പർ സർഫറാസിൻ്റെ കൈകളിലെത്തിച്ച ഷഹീൻ അടുത്ത പന്തിൽ ഹഷ്മതുല്ല ഷാഹിദിയെയും പുറത്താക്കി. ഹഷ്മതുല്ലയെ ഇമാദ് വാസിം പിടികൂടുകയായിരുന്നു.
പിന്നീട് റഹ്മത് ഷായും ഇക്രം അലി ഖില്ലും ചേർന്ന് മൂന്നാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർത്തു. വളരെ മികച്ച നിലയിൽ ബാറ്റ് ചെയ്ത റഹ്മത് ഷാ 12ആം ഓവറിലാണ് പുറത്തായത്. ഇമാദ് വാസിമിൻ്റെ പന്തിൽ ബാബർ അസം പിടിച്ച് പുറത്താകുമ്പോൾ 35 റൺസായിരുന്നു ഷായുടെ സമ്പാദ്യം. തുടർന്നായിരുന്നു അസ്ഗർ അഫ്ഗാൻ്റെ കൗണ്ടർ അറ്റാക്ക്. ഒരു വശത്ത് ഇക്രം അലി ഖില്ലിൻ്റെ മെല്ലെപ്പോക്കിനെ മറച്ചു പിടിച്ച അഫ്ഗാൻ സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്തു. ഗ്രൗണ്ടിൻ്റെ നാനാ ഭാഗത്തെക്കും ഷോട്ടുകൾ പായിച്ച അഫ്ഗാൻ നാലാം വിക്കറ്റിൽ ഖില്ലിനൊപ്പം 64 റൺസ് കൂട്ടിച്ചേർത്തു.
ഷദബ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 26ആം ഓവറിൽ ഷദബിനെ ക്രീസ് വിട്ടിറങ്ങി കൂറ്റനടിക്കു ശ്രമിച്ച അഫ്ഗാനെ ഷദബ് ഖാൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പുറത്താകുമ്പോൾ 35 പന്തുകളിൽ നിന്നും 42 റൺസാണ് ഖിൽ നേടിയത്. 27ആം ഓവറിൽ ഇക്രം അലി ഖില്ലും പുറത്തായി. 66 പന്തുകൾ നേരിട്ട് 24 റൺസെടുത്ത ഖിൽ ഇമാദ് വാസിമിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാനുള്ള ശ്രമത്തിനിടെ ലോങ്ങ് ഓണിൽ ഹഫീസിൻ്റെ കൈകളിൽ അവസാനിച്ചു.
നിലവിൽ 8 റൺസ് വീതമെടുത്ത മുഹമ്മദ് നബിയും നജിബുല്ല സദ്രാനുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here