നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാർ ക്രൂരമർദ്ദനത്തിന് ഇരയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്

നെടുങ്കണ്ടത്ത് കസ്റ്റഡിയിൽ മരിച്ച രാജ്കുമാർ ക്രൂരമർദ്ദനത്തിന് ഇരയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. മർദ്ദനം നടന്നത് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ് കുമാർ അവശനാണെന്നും ആശുപത്രിയിലാക്കണമെന്നുമുള്ള സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് എസ്.പി അവഗണിച്ചു. പൊലീസ് കൊലവിളി മുഴക്കിയെന്ന് രാജ്കുമാറിന്‍റെ അമ്മയും പ്രതികരിച്ചു.
രാജ് കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതും ദിവസങ്ങളോളം സ്റ്റേഷനിൽ പാർപ്പിച്ച് മർദ്ദിച്ചതും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അറിവോടെയായിരുന്നു. കട്ടപ്പന ഡിവൈ എസ് പിക്കും ഇതറിയാമായിരുന്നു. മർദ്ദനത്തെ തുടർന്ന് രാജ് കുമാർ അവശത നേരിടുകയാണെന്ന് സ്പെഷൽ ബ്രാഞ്ച് എസ് പിക്ക് റിപ്പോർട്ടും നൽകി. എന്നാൽ ഇത് ജില്ലാ പൊലീസ് മേധാവി അവഗണിച്ചു. അതേ സമയം സ്റ്റേഷനിൽ കസ്റ്റഡി മർദ്ദനം നടന്നതായി ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് സ്റ്റേഷനിലെ രേഖകളും പരിശോധിച്ചാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴും പോലീസുകാ മർദ്ദിച്ചെന്ന് രാജ് കുമാറിന്റെ മാതാവ് പറഞ്ഞു.
സ്റ്റേഷനിൽ നിന്നും നിലവിളി കേട്ടതായി സമീപമുള്ള കടയുടമയും പറഞ്ഞു. കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here