അനസ് ഇനി ബ്ലാസ്റ്റേഴ്സിലില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി ക്ലബ്

ഇന്ത്യൻ ദേശീയ താരവും മലയാളിയുമായ ഡിഫൻഡർ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് വിട്ടു. അനസ് ഇനി ക്ലബിലുണ്ടാവില്ല എന്ന ഔദ്യോഗിക സ്ഥിരീകരണം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാളായ അനസ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
കഴിഞ്ഞ സീസണിൽ പരിക്കു മൂലം ആദ്യ മത്സരങ്ങളിൽ കളത്തിലിറങ്ങാൻ സാധിക്കാതിരുന്ന അനസ് ആകെ ഒൻപത് കളികളിലാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ട് കെട്ടിയത്. അടുത്തിടെ ദേശീയ കുപ്പായത്തിൽ നിന്നും വിരമിച്ച അനസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി വെറും 19 മത്സരങ്ങളിൽ മാത്രം ബൂട്ട് കെട്ടിയ അനസ് ഈ ജനുവരിയിലാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ബഹ്റൈനെതിരെ ഷാർജയിൽ നടന്ന ഏഷ്യാ കപ്പ് അവസാന ഗ്രൂപ്പ് മത്സരത്തിൽ തോറ്റ് ഇന്ത്യ ടൂർണമെൻ്റിൽ നിന്നു പുറത്തായതിനു പിന്നാലെയായിരുന്നു അനസിൻ്റെ പ്രഖ്യാപനം. കരിയറിലുടനീളം പരിക്കുകൾ അലട്ടിയ അനസ് ജിങ്കനൊപ്പം ഇന്ത്യൻ പ്രതിരോധ നിരയെ താങ്ങി നിർത്തിയ കളിക്കാരനായിരുന്നു.
2018ൽ ജംഷഡ്പൂരിൽ നിന്നും ബ്ലാസ്റ്റേഴ്സിലേക്കെത്തുമ്പോൾ ദേശീയ ടീമിലെ പ്രതിരോധ താരങ്ങൾ ഇരുവരും അണി നിരക്കുന്നു എന്നത് ടീമിനു വലിയ മുൻതൂക്കം നൽകിയിരുന്നു. പെരുമയ്ക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ അനസിനു സാധിച്ചില്ല. ദേശീയ താരമായ അനസ് ടീം വിടുന്നത് ക്ലബിനു ക്ഷീണമാകുമെന്നതിൽ സംശയമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here