മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് നിസഹകരണം; എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് നിസഹകരണം തുടര്‍ന്ന് വൈദികര്‍. കര്‍ദ്ദിനാള്‍ ഇറക്കിയ സഭാദിന ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും വായിച്ചില്ല. അതേ സമയം കര്‍ദ്ദിനാളിന് വത്തിക്കാന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത് സ്ഥിരീകരിച്ചു.

സഭാ ദിനത്തിന്റെ ഭാഗമായാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടയലേഖനം ഇറക്കിയത്. സിറോ മലബാര്‍ സഭയിലെ മുഴുവന്‍ പള്ളികളിലും കുര്‍ബാന മധ്യേ വായിക്കാന്‍ നിര്‍ദേശിച്ചായിരുന്നു ഇടയലേഖനം. എന്നാല്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് വിമത വിഭാഗം വൈദികര്‍ പൂര്‍ണ നിസഹകരണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടയലേഖനം ബഹിഷ്‌കരിച്ചത്. വത്തിക്കാന്‍ സ്വീകരിച്ച അച്ചടക്ക നടപടികള്‍ അപ്പസ്‌തോലിക് അഡ്മിനിസ്ട്രര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെഅടിസ്ഥാനത്തില്‍ അല്ല എന്നാണ് വൈദികരുടെ നിലപാട്.

ഭൂമികച്ചടവട വിവാദം അന്വേഷിച്ച് താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വത്തിക്കാന്‍ പരിഗണിച്ചിട്ടില്ലന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്തും സ്ഥിരീകരിച്ചു.  റിപ്പോര്‍ട്ട് പരിഗണിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സ്ഥിരം സിനഡിന് വത്തിക്കാന്‍ നല്കും. ഇക്കാര്യത്തിലുള്ള തുടര്‍ നടപടി ഓഗസ്റ്റില്‍ ചേരുന്ന സിനഡിലാകും തീരുമാനിക്കുക.

അതേ സമയം ബിഷപ്പ് മനത്തോടത്തിന്റെ നിലപാട് തള്ളി സഭാ നേതൃത്വം വിശദീകരണക്കുറിപ്പ് ഇറക്കിയേക്കുമെന്നാണ് സൂചന. എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. കദിനാള്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയുടെ ഭരണ നേതൃത്വം ഏറ്റെടുത്തതിന് പിന്നാലെ അഭ്യന്തര കലാപം കൂടുതല്‍ കടുക്കുകയാണ്. ആലഞ്ചേരിയുടെ നേതൃത്വം അംഗീകരിച്ചുള്ള നടപടികള്‍ക്ക് വഴങ്ങേണ്ടെന്നാണ് വൈദികരുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top