ശതകത്തിളക്കത്തിൽ ബെയർസ്റ്റോ; ഷമിക്ക് അഞ്ചു വിക്കറ്റ്: ഇംഗ്ലണ്ടിന് മികച്ച സ്കോർ

ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 337 റൺസാണ് ഇംഗ്ലണ്ട് അടിച്ചത്. 111 റൺസെടുത്ത ജോണി ബെയർസ്റ്റോ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. അർദ്ധസെഞ്ചുറികളടിച്ച ബെൻ സ്റ്റോക്സ്, ജേസൻ റോയ് എന്നിവരും ഇംഗ്ലീഷ് നിരയിൽ തിളങ്ങി. അഞ്ചു വിക്കറ്റിട്ട ഷമിയാണ് ഇന്ത്യക്കു വേണ്ടി നന്നായി പന്തെറിഞ്ഞത്.
ഷമിയും ബുംറയും ചേർന്ന ഇന്ത്യൻ പേസർമാർ നന്നായാണ് പന്തെറിഞ്ഞത്. പക്ഷേ, വിക്കറ്റുകൾ വീണില്ല. എഡ്ജ്ഡ് ഷോട്ടുകൾ ബൗണ്ടറിയിലേക്ക് പായുകയും ഫീൽഡർമാർ ഇല്ലാത്ത ഇടങ്ങളിൽ വീഴുകയും ഡിആർഎസ് കൃത്യമായി ഇന്ത്യ ഉപയോഗിക്കാതിരിക്കുകയും ചെയ്തതോടെ ഭാഗ്യവും ഇംഗ്ലണ്ടിനായി. റോയ് ആദ്യം മുതൽക്കു തന്നെ അടിച്ചു കളിച്ചപ്പോൾ ബെയർസ്റ്റോ മെല്ലെയാണ് തുടങ്ങിയത്. 56 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ച ശേഷമാണ് ബെയർസ്റ്റോ ഗിയർ മാറ്റിയത്. ഇതിനിടെ ജേസൻ റോയിയെ പുറത്താക്കാൻ ലഭിച്ച ഒരു അവസരം ഇന്ത്യ കളഞ്ഞു കുളിച്ചു.
പതിനൊന്നാം ഓവറിലെ അഞ്ചാം പന്ത് ലെഗ് സൈഡിലൂടെ ധോണിയുടെ കൈകളിലെത്തി. റോയ് പന്തിൽ എഡ്ജ് ചെയ്തിട്ടുണ്ടെന്ന് കരുതിയ ഇന്ത്യ അപ്പീൽ ചെയ്തു. അമ്പയറുടെ നോട്ടൗട്ട് തീരുമാനം ചലഞ്ച് ചെയ്യാനായി കോലി തീരുമാനിച്ചുവെങ്കിലും ധോണി നിർബന്ധപൂർവ്വം അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. റീപ്ലേകളിൽ ക്ലിയർ എഡ്ജ് കാണിച്ചു. റോയ് 21 റൺസിൽ നിൽക്കെയായിരുന്നു ഈ പിഴവ്. തുടർന്ന് അർദ്ധസെഞ്ചുറി നേടിയ റോയ് ആ പന്തിൽ പുറത്തായിരുന്നെങ്കിൽ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ പിടിച്ചു നിർത്താൻ സാധിക്കുമായിരുന്നു.
23ആം ഓവറിലാണ് ഇംഗ്ലണ്ടിൻ്റെ ആദ്യ വിക്കറ്റ് വീണത്. കുൽദീപിനെ സ്ട്രൈറ്റ് ബൗണ്ടറിയിലേക്ക് സിക്സർ പായിക്കാൻ ശ്രമിച്ച റോയിയെ ബൗണ്ടറി ലൈനിൽ വെച്ച് ജഡേജ ഉജ്ജ്വലമായി കയ്യിലൊതുക്കി. 57 പന്തിൽ 66 റൺസെടുത്ത റോയ് ഓപ്പണിംഗ് വിക്കറ്റിൽ ബാരിസ്റ്റോയൊപ്പം 160 റൺസ് കൂട്ടിച്ചേർത്താണ് പുറത്തായത്.
വിക്കറ്റ് വീണതോടെ ഇംഗ്ലണ്ടിൻ്റെ സ്കോറിംഗ് റേറ്റ് കുറഞ്ഞു. ജോണി ബെയർസ്റ്റോയെ ക്രീസിൽ തളച്ചിട്ട ബൗളർമാർ കളി തിരിച്ചു പിടിച്ചു. ഇതിനിടെ 90 പന്തുകളിൽ തൻ്റെ സെഞ്ചുറി തികച്ചെങ്കിലും തുടർച്ചയായ ഡോട്ട് ബോളുകളെത്തുടർന്നുണ്ടായ കടുത്ത സമ്മർദ്ദത്തിനൊടുവിൽ 32ആം ഓവറിൽ ബെയർസ്റ്റോ വീണു. 111 റൺസെടുത്ത ബെയർസ്റ്റോയെ ഷമി പന്തിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനും വേഗം മടങ്ങി. ഒരു റൺ മാത്രമെടുത്ത മോർഗനെ 34ആം ഓവറിൽ ഷമി കേദാർ ജാദവിൻ്റെ കൈകളിലെത്തിച്ചു.
പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ജോ റൂട്ട്-ബെൻ സ്റ്റോക്സ് കൂട്ടുകെട്ട് വീണ്ടും കളി ഇംഗ്ലണ്ടിൻ്റെ വരുതിയിലാക്കി. നാലാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്ത ഇരുവരും അനായാസമാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. 45ആം ഓവറിലാണ് ഈ കൂട്ടുകെട്ട് വേർപിരിയുന്നത്. 44 റൺസെടുത്ത റൂട്ടിനെ ഷമി ഹർദ്ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. റൂട്ട് പുറത്തായെങ്കിലും തകർത്തടിച്ച സ്റ്റോക്സ് 38 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ചു. അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ ജോസ് ബട്‌ലറും തുടർച്ചയായ ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക് നീങ്ങി. 33 റൺസ് നീണ്ട അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഷമി തന്നെ 47ആം ഓവറിൽ പൊളിച്ചു. ഓവറിൽ 17 റൺസ് വഴങ്ങിയെങ്കിലും എട്ട് പന്തുകളിൽ 20 റൺസടിച്ച ബട്‌ലറെ ഷമി തന്നെ പിടിച്ചു പുറത്താക്കി.
49ആം ഓവറിലെ ആദ്യ പന്തിൽ ക്രിസ് വോക്സിനെ (7) രോഹിതിൻ്റെ കൈകളിലെത്തിച്ച ഷമി അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചു. 10 ഓവറിൽ 69 റൺസ് വഴങ്ങിയാണ് ഷമിയുടെ നേട്ടം. അവസാന ഓവറിൽ ബുംറയെ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ച ബെൻ സ്റ്റോക്സ് ജഡേജയുടെ കയ്യിലൊതുങ്ങിയതോടെ ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് ഏകദേശം അവസാനിച്ചു. പുറത്താവുമ്പോൾ 54 പന്തുകൾ നേരിട്ട സ്റ്റോക്സ് 79 റൺസെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here