ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന് വ്യാഴാഴ്ച മുതല്‍ ആരംഭിക്കും

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ രജിസ്ട്രേഷന് വ്യാഴാഴ്ച ആരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട് മക്കയിലേക്കുള്ള പ്രവേശനത്തിന് ഇന്നലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി.
ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്ക് വ്യാഴാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ localhaj.haj.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ സ്വദേശികള്‍ക്കും സൗദിയിലെ വിദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയല്ലാതെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് വേളയില്‍ ലഭിക്കുന്ന സേവനങ്ങള്ക്കനുസരിച്ചു പാക്കേജ് നിരക്കില്‍ മാറ്റമുണ്ട്.
ആഭ്യന്തര ഹജ്ജ് പാക്കേജുകളെ കുറിച്ച വിവരങ്ങള്‍ മന്ത്രാലയം നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3,465 റിയാല്‍ മുതല്‍ 11,905 റിയാല്‍ വരെയുള്ള പാക്കേജുകളാണ് ഉള്ളത്. 2,27,000 ത്തോളം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാം. അതേസമയം മക്കയിലേക്ക് പ്രവേശിക്കുന്നതിന് വിദേശികള്‍ക്ക് ഇന്നലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. മക്കയില്‍ ജോലി ചെയ്യുന്നതിന് അധികൃതരില്‍ നിന്നുള്ള അനുമതി പത്രമുള്ളവര്ക്കും, മക്കയില്‍ ഇഷ്യൂ ചെയ്ത ഇഖാമയുള്ളവര്‍ക്കും, ഹജ്ജിനുള്ള അനുമതിപത്രം ഉള്ളവര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഓഗസ്റ്റ് പതിനൊന്നു വരെ നിയന്ത്രണം തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here