സെഞ്ചൂറിയൻ രോഹിത്; കോലി പുറത്ത്: ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ഓവറിൽ 10 റൺസ് വീതം

ഇംഗ്ലണ്ടിനെതിരെ രോഹിത് ശർമ്മയ്ക്ക് സെഞ്ചുറി. 106 പന്തുകളിലാണ് രോഹിത് സെഞ്ചുറി തികച്ചത്. അതേ സമയം, 66 റൺസെടുത്ത കോലി പുറത്തായി. മത്സരത്തിൽ ഇന്ത്യ പൊരുതുകയാണ്. ഇനി ഓവറിൽ 10 റൺസ് വീതം എടുത്താലേ വിജയത്തിലെത്താൻ സാധിക്കൂ. നിലവിൽ 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 11 റൺസാണ് ഇന്ത്യയുടെ സ്കോർ.

338 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ വളരെ സാവധാനത്തിലാണ് തുടങ്ങിയത്. തുടർച്ചയായി മൂന്ന് മെയ്ഡൻ ഓവറുകളെറിഞ്ഞ ക്രിസ് വോക്സ് ഇതിനിടെ ലോകേഷ് രാഹുലിൻ്റെ (0) വിക്കറ്റും സ്വന്തമാക്കി. തുടർന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ക്രീസിൽ ഒത്തു ചേർന്നു. കോലി സ്വതസിദ്ധമായ ശൈലിയിൽ കളിച്ചുവെങ്കിലും രോഹിത് ടൈമിംഗ് കണ്ടെത്താനാവാതെ വിഷമിച്ചു.

പ്രവചനാതീതമായ ബൗൺസും സ്ലോ പിച്ചും ഇന്ത്യൻ സ്കോറിംഗിനെ വളരെ ദോഷകരമായി ബാധിച്ചു. മുൻ നിര ബൗളർമാരുടെ ആദ്യ സ്പെൽ കഴിഞ്ഞതിനു ശേഷമാണ് ഇന്ത്യ ശ്വാസം നേരെ വിട്ടത്. രോഹിതും മെല്ലെ സ്കോർ ഉയർത്താൻ തുടങ്ങി. ഇതിനിടെ കോലി 59 പന്തുകളിലും രോഹിത് 65 പന്തുകളിലും അർദ്ധസെഞ്ചുറി കണ്ടെത്തി.

138 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷമാണ് ഈ സഖ്യം വേർപിരിയുന്നത്. 29ആം ഓവറിൽ ലിയാം പ്ലങ്കറ്റിനു വിക്കറ്റ് സമ്മാനിച്ച് കോലി മടങ്ങി. 66 റൺസെടുത്ത കോലിയെ ജെയിംസ് വിൻസ് പിടികൂടി.

ശേഷം ഋഷഭ് പന്ത് ക്രീസിലെത്തി. ഇതിനിടെ 106 പന്തുകളിൽ രോഹിത് സെഞ്ചുറി തികച്ചു. ഈ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണിത്. 17 റൺസെടുത്ത പന്തും 101 റൺസെടുത്ത രോഹിതുമാണ് ക്രീസിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top