അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ്ങ് ഉന്നും ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ്ങ് ഉന്നും കൊറിയന്‍ അതിര്‍ത്തിയില്‍ കണ്ടുമുട്ടി. തീര്‍ത്തും അനൗപചാരികമായ കൂടിക്കാഴ്ചയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക ശേഷം ട്രംപ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. ദക്ഷിണകൊറിയന്‍ സന്ദര്‍ശനത്തിനിടയില്‍ ഉന്നിന് ഹസ്തദാനം കൊടുക്കുവാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
രണ്ട് കൊറിയകള്‍ക്കുമിടയിലുള്ള സൈനികമുക്ത മേഖലയില്‍ വെച്ചാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ തലവന്‍ കിം ജോങ്ങ് ഉന്നും കണ്ടുമുട്ടിയത.് നേരത്തെ സ്ഥലത്ത് എത്തിയ ട്രംപ് ഉന്നിനായി കാത്തിരുന്നു. അല്‍പസമയത്തിനുള്ളില്‍ ഉന്‍ എത്തിയതോടെ ട്രംപ് അദ്ദേഹത്തിന് ഹസ്തദാനം ചെയ്യുകയും ഹലോ പറയുകയും ചെയ്തു. അതിര്‍ത്തി മറികടന്ന് വരാന്‍ തനിക്ക് അവസരമുണ്ടായത് വലിയൊരു ബഹുമതിയാണെന്നും ഇത് വലിയ മുന്നേറ്റമാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം ഇത്തരമൊരു പ്രദേശത്തുവെച്ച് ട്രംപുമായി കൂടിക്കാഴ്ച നടത്തേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രതികരിച്ചു. സൈനിക ഹെലിക്കോപ്റ്ററിലേറിയാണ് ട്രംപ് സൈനികമുക്ത മേഖലയിലെത്തിയത്. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ നിന്നാണ് ട്രംപ് ഇവിടേയ്ക്ക് പുറപ്പെട്ടത്.
ജി20 ഉച്ചകോടിക്ക് പോകുന്നതിനു മുമ്പായി ട്രംപാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയെ കാണാനുള്ള താല്‍പര്യം അറിയിച്ചത്. ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും അവിടെ നിന്ന് സാധിക്കുകയാണെങ്കില്‍ കിമ്മിനെ സൈനികമുക്ത മേഖലയില്‍ വെച്ച് കാണുമെന്നും ട്രംപി ട്വീറ്റ് ചെയ്യുകയായിരുന്നു. വെറുതെ ഹസ്തദാനം ചെയ്ത് ഹലോ പറഞ്ഞ് തിരിച്ചുപോരികയാണ് ഉദ്ദേശ്യമെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജേ ആണ് കിം ജോങ് ഉന്‍ ട്രംപിന്റെ ക്ഷണം സ്വീകരിച്ച വിവരം ലോകത്തെ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here