നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം

court

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കാതെ റിമാൻഡ് ചെയ്തതതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ആണ് ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിക്കാതിരുന്നത് സംബന്ധിച്ചാണ് അന്വേഷണം. ഇക്കാര്യത്തില്‍ അടിയന്തിര റിപ്പോർട്ട് നൽകാൻ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ ജൂൺ 15 നാണ് രാജ്കുമാറിനെ റിമാൻഡ് ചെയ്യുന്നത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നിന്ന് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാൽ നെടുങ്കണ്ടം മജിസ്ട്രേറ്റ് അവധിയായതിനാലാണ് ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിൽ രാജ്കുമാറിനെ ഹാജരാക്കി. ഇവരാണ് റിമാൻഡ് ചെയ്യാനുള്ള ഉത്തരവ് നൽകിയത്. എന്നാൽ റിമാൻഡിലിരിക്കെ രാജ്കുമാർ മരിച്ചത് വിവാദമാവുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കസ്റ്റഡി മർദ്ദനം സൂചിപ്പിക്കുകയും ചെയ്തതോടെയാണ് ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി അന്വേഷിക്കുന്നത്. മജിസ്ട്രേറ്റിന്റെ ഭാഗം കേട്ടതിന് ശേഷം വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടികൾ ഇവർക്ക് നേരിടേണ്ടി വരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top