അധ്യക്ഷ സ്ഥാനത്ത് തുടരില്ല; കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിലും നിലപാട് ആവർത്തിച്ച് രാഹുൽ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിലുറച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചത്. രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും സംഘടനാപരമായ എന്ത് തീരുമാനവും എടുക്കാൻ അധികാരമുണ്ടെന്നും അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയോട് പറഞ്ഞു.
Rajasthan CM Ashok Gehlot after Congress CMs meeting with Rahul Gandhi: The others side misled the country in the name of patriotism. Modi ji did politics hiding behind the Army, misled people in the name of religion. He didn’t talk about development, economy, & employment. pic.twitter.com/titx3JZle5
— ANI (@ANI) 1 July 2019
പ്രവർത്തകരുടെയും നേതാക്കളുടെയും ആവശ്യം പരിഗണിച്ച് രാഹുൽ തീരുമാനം പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരാണ് രണ്ട് മണിക്കൂറോളം രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയത്. എന്നാൽ തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ നേതാക്കളോട് വ്യക്തമാക്കി.
മുഖ്യമന്ത്രിമാരുടെ കാര്യത്തിലടക്കം എന്ത് തീരുമാനം എടുക്കാനും രാഹുൽ ഗാന്ധിയെ കഴിഞ്ഞ പ്രവർത്തക സമിതി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചുവെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. അതേസമയം കോൺഗ്രസിന്റെ വിവിധ സ്ഥാനങ്ങളിലുള്ള നേതാക്കളുടെ രാജി തുടരുകയാണ്. എഐസിസി പിന്നോക്ക വിഭാഗം ചെയർമാൻ ഡോ.നിതിൻ റൗത്ത് ഇന്ന് രാജിവച്ചു. സംഘടനയിലെ മുഴുവൻ നേതാക്കളും രാജി വച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് രാജി വച്ചവരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here