Advertisement

അവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി; ശ്രീലങ്കയ്ക്ക് മികച്ച സ്കോർ

July 1, 2019
Google News 0 minutes Read

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് ലങ്ക നേടിയത്. 104 റൺസെടുത്ത അവിഷ്ക ഫെർണാണ്ടോയാണ് ശ്രീലങ്കയ്ക്കു വേണ്ടി തിളങ്ങിയത്. അർദ്ധസെഞ്ചുറി നേടിയ കുശാൽ പെരേരയും ശ്രീലങ്കയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.

ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ലങ്ക ഉജ്ജ്വലമായാണ് തുടങ്ങിയത്. പതിവു ശൈലിയിൽ അടിച്ചു കളിച്ച പെരേരയ്ക്ക് കരുണരത്നെ ഉറച്ച പിന്തുണ നൽകി. ഇരുവരും ചെർന്ന് ആദ്യ വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. 16ആം ഓവറിലാണ് ഈ കൂട്ടുകെട്ട് വേർപിരിയുന്നത്. 32 റൺസെടുത്ത കരുണരത്നയെ ജേസൻ ഹോൾഡർ ഷായ് ഹോപ്പിൻ്റെ കൈകളിലെത്തിച്ചു.

ഇതിനിടെ 38 പന്തുകളിൽ കുശാൽ പെരേര അർദ്ധസെഞ്ചുറി കുറിച്ചു. 19ആം ഓവറിൽ പെരേര പുറത്തായി. രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ റണ്ണൗട്ടായ അദ്ദേഹം 64 റൺസടിച്ച് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നൽകിയതിനു ശേഷമാണ് പുറത്തായത്. തുടർന്ന് അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും ക്രീസിൽ ഉറച്ചു നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 85 റൺസ് കൂട്ടിച്ചേർത്തു. 32ആം ഓവറിൽ ഫേബിയൻ അലനാണ് ഈ കൂട്ടുകെട്ട് തകർത്തത്. 39 റൺസെടുത്ത മെൻഡിസിനെ സ്വന്തം ബൗളിംഗിൽ അലൻ പിടികൂടി.

ഇതിനിടെ 57 പന്തുകളിൽ അവിഷ്ക ഫെർണാണ്ടോ അർദ്ധസെഞ്ചുറി കുറിച്ചു. നാലാം വിക്കറ്റിൽ ക്രീസിലെത്തിയ ഏഞ്ജലോ മാത്യൂസും മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെ വിൻഡീസ് വിയർത്തു. എന്നാൽ അമിതമായ ആക്രമണ വാസനയ്ക്കൊടുവിൽ മാത്യൂസ് പുറത്തായി. 26 റൺസെടുത്ത മാത്യൂസിനെ ജേസൻ ഹോൾഡർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 40ആം ഓവറിൽ പുറത്താവുമ്പോൾ മാത്യൂസ് അവിഷ്ക ഫെർണാണ്ടോയ്ക്കൊപ്പം 58 റൺസ് കൂട്ടിച്ചേർത്തിരുന്നു.

അഞ്ചാം വിക്കറ്റിൽ ഫെർണാണ്ടോയ്ക്കൊപ്പം ഒത്തു ചേർന്ന ലഹിരു തിരിമന്നയും റൺ നിരക്ക് താഴാതെ ബാറ്റ് വീശി. ഇരുവരും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ 100 പന്തുകളിൽ അവിഷ്ക തൻ്റെ സെഞ്ചുറി കുറിച്ചു. സെഞ്ചുറിക്ക് തൊട്ടു പിന്നാലെ 48ആം ഓവറിൽ അവിഷ്ക പുറത്തായി. 104 റൺസെടുത്ത അവിഷ്കയെ ഷെൽഡൻ കോട്രലിൻ്റെ പന്തിൽ ഫേബിയൻ അലനാണ് പിടികൂടിയത്.

അവസാന ഓവറുകളിൽ സ്കോറിംഗ് നിരക്ക് താഴ്ന്നതാണ് ലങ്കയെ 350 കടത്താതിരുന്നത്. 49ആം ഓവറിലെ അവസാന പന്തിൽ ഇസിരു ഉദാന (3)യെ ഒഷേൻ തോമസ് പുറത്താക്കി. 6 റൺസെടുത്ത ധനഞ്ജയ ഡിസിൽവയും 45 റൺസെടുത്ത തിരിമന്നെയും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here