തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ പ്രവർത്തനം പഠനത്തെയും അക്കാദമിക്ക് പ്രവർത്തനങ്ങളെയും ബാധിക്കുന്നു; കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ പ്രവർത്തനം പഠനത്തെയും അക്കാദമിക്ക് പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. ക്യാമ്പസുകളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് അടിയന്തരമായി മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 187 വിദ്യാർത്ഥികൾ പഠനം പൂർത്തീകരിക്കാതെ വിടുതൽ വാങ്ങിപ്പോയെന്ന് മന്ത്രി കെ ടി ജലീലും നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിൽ കോളേജ് യൂണിയന്റെ പങ്ക് ചൂണ്ടിക്കാട്ടുന്നതാണ്, ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കമ്മീഷന് വിദ്യാർത്ഥിനി നൽകിയ മൊഴി പൂർണമായും കോളേജ് യൂണിയന് എതിരാണ്. യൂണിയൻറെ സമരങ്ങളിൽ വിദ്യാർഥികളെ നിർബന്ധപൂർവ്വം പങ്കെടുക്കുപ്പിന്നതായി വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്. യൂണിയൻറെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധ്യാപകരോട് പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ അധ്യാപകരുടെ നിയന്ത്രണത്തിനും അതീതമാണെന്ന് വിദ്യാഭ്യാസ ഡയറക്ടർ കണ്ടെത്തിയിട്ടുണ്ട്.

പഠനത്തെയും അക്കാദമിക്ക് പ്രവർത്തനങ്ങളെയും ബാധിക്കുന്ന തരത്തിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ പ്രവർത്തനമെന്നും റിപ്പോർട്ടിലുണ്ട്. കോളേജിലെ യൂണിയൻ പ്രവർത്തനത്തിന്റെ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും രഹസ്യ മൊഴി രേഖപ്പെടുത്താനും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ ഉണ്ട്. മാനസിക സംഘർഷമാണ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തിന് കാരണമെന്ന് കോളേജ് പ്രിൻസിപ്പലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ നിയമസഭയിൽ വെച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 187 വിദ്യാർത്ഥികൾ പഠനം പൂർത്തീകരിക്കാതെ വിടുതൽ വാങ്ങിയതായും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top