ബാലഭാസ്‌ക്കറിന്റെ മരണം; അപകട സമയത്ത് കാറിന്റെ വേഗം 100നും 120നും ഇടയിൽ; അമിത വേഗം അപകടകാരണമെന്ന് സൂചന

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗതെയെന്ന് ശാസ്ത്രീയ നിഗമനം. അപകട സമയം മണിക്കൂറില്‍ നൂറിനും നൂറ്റി ഇരുപത് കിലോമീറ്ററിനുമിടയിലായിരുന്നു കാറിന്റെ വേഗതയെന്ന് മോട്ടോര്‍വാഹന വകുപ്പും കാര്‍ കമ്പനിയും നല്‍കിയ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.ഫോറൻസിക് പരിശോധന ഫലം കൂടി ലഭിച്ചതിനു ശേഷമാകും ക്രൈംബ്രാഞ്ച് അന്തിമ നിഗമനത്തിലേക്കെത്തുക.
ബാലഭാസ്ക്കറിന്റെ അപകടം എങ്ങനെ സംഭവിച്ചുവെന്ന് അറിയാനാണ് ക്രൈംബ്രാഞ്ചിന്റെ നിർദേശ പ്രകാരം മോട്ടോർ വാഹന വകുപ്പും കാർ കമ്പനിയും സംയുക്തമായി പരിശോധന നടത്തിയത്.
പരിശോധനയുടെ അടിസ്ഥാനത്തിലാണ് അപകടത്തിന് കാരണം അമിതവേഗതയാണെന്ന ഇടക്കാല റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് നൽകിയത്. അപകടത്തിപെടുമ്പോൾ നൂറു കിലോമീറ്റർ വേഗതയിലാണ് സ്പീഡോമീറ്റർ നിലച്ചത്. അപകടത്തിന് തൊട്ടു മുൻപ് കാറിന്റെ വേഗത മണിക്കൂറിൽ നൂറിനും നൂറ്റി ഇരുപതിനുമിടയിലാണെന്നും സംയുക്ത പരിശോധനയിൽ കണ്ടെത്തി.
അപകടം നടന്ന സമയം വെച്ചു നോക്കുമ്പോൾ ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ഒരു നിമിഷം ശ്രദ്ധതിരിഞ്ഞാൽ പോലും റോഡിന്റെ സ്വഭാവം അനുസരിച്ച് അപകടം സംഭവിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ചാലക്കുടിയിൽ നിന്ന് അപകടം നടന്ന പള്ളിപ്പുറം വരെയുള്ള 230 കിലോമീറ്റർ, രണ്ടേമുക്കാൽ മണിക്കൂർ കൊണ്ട് താണ്ടിയത്, യാത്രയിലുടനീളം അമിതവേഗതയിലായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നുണ്ട്. വാഹനമോടിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിച്ചതിനു ശേഷം ക്രൈം ബ്രാഞ്ച് അന്തിമ നിഗമനത്തിലേക്കെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here