തന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എഎന്‍ ഷംസീറിന്റെ ഇന്നോവ കാറില്‍; എ.എന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിഒടി നസീര്‍

എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണവുമായി സിഒടി നസീര്‍. തന്നെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീറിന്റെ ഇന്നോവ കാറില്‍ വെച്ചാണ്. തെളിവുകള്‍ ലഭിച്ചിട്ടും ഷംസീറിനെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്നും ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിക്കിയ ശേഷം ഷംസീറിന്റെ മൊഴിയെടുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

അറസ്റ്റിലായ എന്‍കെ രാഗേഷും പൊട്ടിയന്‍ സന്തോഷും ആക്രമണം ആസൂത്രണം ചെയ്തത് തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ വാഹനത്തില്‍ വെച്ചാണെന്നാണ് സിഒടി നസീറിന്റെ ആരോപണം. എംഎല്‍എ ബോര്‍ഡ് വെച്ച KL7 CD 6887 എന്ന നമ്പറിലുള്ള ഇന്നോവ കാറിലാണ് ഗൂഡാലോചന നടത്തിയതെന്നാണ് ആരോപണം.

ഈ വാഹനം പലപ്പോഴും ഓടിച്ചിരുന്നത് എഎന്‍ഷംസീര്‍ എംഎല്‍എയുടെ സന്തത സഹചാരിയും സിപിഎം കതിരൂര്‍ പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ എന്‍കെ രാഗേഷാണ്. കേസില്‍ അറസ്റ്റിലായ രാഗേഷ് ഷംസീറുമായി ഫോണില്‍ സംസാരിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടും ഷംസീറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്നാണ് സിഒടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് രാഗേഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മറ്റാരുടേയും പേര് പറയാന്‍ രാഗേഷ് തയ്യാറായിട്ടില്ല. എന്നാല്‍ കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എംഎല്‍എയെ വിളിച്ചുവരുത്തുമെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകില്ലെന്നും പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top