ജയത്തിനരികെ കാലിടറി ബംഗ്ലാദേശ്; സെമിയുറപ്പിച്ച് ഇന്ത്യ

ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ജയം. 28 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യ സെമി ഉറപ്പിച്ചു. 315 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 48 ഓവറിൽ 286ന് എല്ലാവരും പുറത്തായി. സൈഫുദ്ദീനും സബ്ബിർ റഹ്മാനും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട് വിറപ്പിച്ചെങ്കിലും ബുംറയുടെയും ഭുവനേശ്വറിൻ്റെയും കൃത്യതയാർന്ന ഡെത്ത് ഓവറുകൾ ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു. 66 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. 4 വിക്കറ്റെടുത്ത ബുംറയാണ് ബംഗ്ലാദേശിൻ്റെ കഥ കഴിച്ചത്. 3 വിക്കറ്റെടുത്ത പാണ്ഡ്യയും മികച്ച രീതിയിൽ പന്തെറിഞ്ഞു.

315 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് നന്നായിത്തന്നെ തുടങ്ങി. ബുംറയും ഭുവിയും ചേർന്ന ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ സമർദ്ധമായി നേരിട്ടു. ആദ്യ വിക്കറ്റിൽ ബംഗ്ലാ ഓപ്പണർമാർ 39 റൺസ് കൂട്ടിച്ചേർത്തു. മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 10ആം ഓവറിൽ 22 റൺസെടുത്ത തമീം ഇഖ്ബാൽ പ്ലെയ്ഡ് ഓണായി.

തുടർന്ന് രണ്ടാം വിക്കറ്റിൽ ഷാക്കിബ്-സൗമ്യ സർക്കാർ സഖ്യം 35 റൺസ് കൂട്ടിച്ചേർത്തു. 16ആം ഓവറിൽ സൗമ്യ സർക്കാരിനെ വിരാട് കോലിയുടെ കൈകളിലെത്തിച്ച ഹർദ്ദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 റൺസെടുത്താണ് സൗമ്യ സർക്കാർ പുറത്തായത്. തുടർന്ന് ഷാക്കിബിനൊപ്പം മുഷ്ഫിക്കർ റഹീം ഒത്തു ചേർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 47 റൺസ്. 23ആം ഓവറിലാണ് ഈ സഖ്യം വേർപിരിയുന്നത്. 24 റൺസെടുത്ത മുഷ്ഫിക്കറിനെ ചഹാലിൻ്റെ പന്തിൽ ഷമി പിടികൂടി.

തുടർന്നാണ് ലിറ്റൺ ദാസ് ഷാക്കിബിനൊപ്പം ചേരുന്നത്. ഇതിനിടെ 58 പന്തുകളിൽ ഷാക്കിബ് അർദ്ധസെഞ്ചുറി കുറിച്ചു. ലിറ്റൺ ദാസ്-ഷാക്കിബ് സഖ്യം നാലാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തു. 30ആം ഓവറിൽ ലിറ്റൺ ദാസിനെ ദിനേഷ് കാർത്തികിൻ്റെ കൈകളിലെത്തിച്ച പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 22 റൺസെടുത്താണ് ലിറ്റൺ പുറത്തായത്. 33ആം ഓവറിൽ മൊസദ്ദക് ഹുസൈൻ (3) ബുംറയുടെ പന്തിൽ പ്ലെയ്ഡ് ഓണായി. തൊട്ടടുത്ത ഓവറിൽ ഷാക്കിബ് അൽ ഹസനെ ഹർദ്ദിക് പാണ്ഡ്യ ദിനേഷ് കാർത്തികിൻ്റെ കൈകളിലെത്തിച്ചതോടെ ബംഗ്ലാദേശ് തകർന്നു. 66 റൺസെടുത്താണ് ഷാക്കിബ് പുറത്തായത്.

തുടർന്ന് ഏഴാം വിക്കറ്റിൽ ഒത്തു ചേർന്ന സബ്ബിർ റഹ്മാൻ-സൈഫുദ്ദീൻ സഖ്യം അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു. വലിയ ലക്ഷ്യത്തിനു മുന്നിൽ പതറാതെ കൂറ്റൻ ഷോട്ടുകൾ കളിച്ച ഇരുവരും ശരവേഗത്തിൽ 66 റൺസ് കൂട്ടിച്ചേർത്ത് ബംഗ്ലദേശിന് പ്രതീക്ഷ നൽകി. ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 റൺസെടുത്ത സബ്ബിറിനെ 44ആം ഓവറിൽ ഷമി ക്ലീൻ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ മഷറഫെ മൊർതാസയെ (8) ധോണിയുടെ കൈകളിലെത്തിച്ച ഭുവനേശ്വർ കുമാർ ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. എങ്കിലും തളരാതെ പോരാടിയ സൈഫുദ്ദീൻ കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്തി ബംഗ്ലാദേശിന് പ്രതീക്ഷ നൽകി. വാലറ്റത്തെ കൂട്ടുപിടിച്ച് ധീരമായി പൊരുതിയ സൈഫുദ്ദീൻ 38 പന്തുകളിൽ അർദ്ധസെഞ്ചുറിയിലെത്തി.

എന്നാൽ എന്തു കൊണ്ട് താൻ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ആകുന്നു എന്ന് 48ആം ഓവറിൽ ബുംറ തെളിയിച്ചു. ഓവറിലെ അഞ്ചാം റൂബൽ ഹുസൈനെ (8) ക്ലീൻ ബൗൾഡാക്കിയ ബുംറ അടുത്ത പന്തിൽ മുസ്തഫിസുറിൻ്റെയും കുറ്റി പിഴുത് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചു. 51 റൺസെടുത്ത സൈഫുദ്ദീൻ പുറത്താവാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top