മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ വീട്ടിൽ കയറി വെട്ടിപ്പരിക്കേല്പിച്ചു

മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. അഞ്ചാലംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് പെണ്‍കുട്ടിയുടെ പിതാവ് സോമസുന്ദരം വീട്ടില്‍ കയറി വെട്ടിയത്. അക്രമം തടയാന്‍ ശ്രമിച്ച പ്രണവിന്റെ മാതാവ് തങ്കമ്മയ്ക്കും പരിക്കേറ്റു. സംഭവത്തിന് ശേഷം സോമസുന്ദരം ഒളിവിലാണ്.
പ്രണവ് ലാലും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയും ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതി, കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രണവിനൊപ്പം പോകാനാണ് താൽപര്യമെന്ന് അറിയിച്ചു. തുടർന്നു ഇവർ വെട്ടുവിളയിൽ പ്രണവിന്റെ വീട്ടിൽ താമസം തുടങ്ങി. ഇതില്‍ പ്രകോപിതനായിട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രണവ് ലാലിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്.
ഞായറാഴ്ച വൈകീട്ട് വീട്ടില്‍ നിന്ന് പുറത്തേക്ക് ബൈക്കില്‍ പോകാന്‍ ഇറങ്ങുകയായിരുന്ന പ്രണവ് ലാലിനെ ഇയാള്‍ വെട്ടുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ പ്രണവിനെ വീട്ടിനുള്ളില്‍ വെച്ചും ഇയാള്‍ വെട്ടി. വയറിന്റെ ഭാഗത്തും ഇരു കൈകളിലുമാണ് യുവാവിന് വെട്ടേറ്റത്. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രണവ് ലാലിന്റെ മാതാവ് തങ്കമ്മയ്ക്കും വെട്ടേറ്റത്. ഇവരുടെ വിരലിലാണ് പരിക്ക്. തുടർന്നു സോമസുന്ദരം സുഹൃത്തുക്കൾക്കൊപ്പം രക്ഷപ്പെട്ടു. വാരിയെല്ലിനും കൈകൾക്കു കുത്തേറ്റ പ്രണവ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ചാലംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോമസുന്ദരത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.