ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങളിറങ്ങുന്നത് തടയാന്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്

ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങളിറങ്ങുന്നത് തടയാനായി വയനാട് കുറിച്യാട് ഫോറെസ്റ്റ് റെയിഞ്ചിന് കീഴിലെ കുപ്പാടി സെക്ഷനില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നു. രണ്ടര മീറ്റര്‍ ഉയരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍ ഫെന്‍സിങ് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നത്.

വന്യ മൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലായിരുന്നു ബത്തേരിയിലെ കുപ്പാടി പ്രദേശവാസികള്‍. നിരന്തരം വന്യ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുകയും ജനവാസം പോലും ഭീഷണിയിലായ സാഹചര്യത്തിലാണ് വനവകുപ്പ് റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ ഒരു പരിധി വരെ ആനയടക്കമുള്ള വന്യ മൃഗങ്ങള്‍ ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെയില്‍ പാളം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മൂന്നര മീറ്റര്‍ ഉയരമുള്ള ഇരുമ്പ് പാളിയുടെ ഒരു മീറ്റര്‍ മണ്ണില്‍ താഴ്ത്തി, കോണ്‍ഗ്രീറ്റ് ചെയ്തുറപ്പിച്ച് രണ്ടര മീറ്റര്‍ ഉയരത്തില്‍ മൂന്ന് ഇരുമ്പ് പാളികള്‍ വിലങ്ങനെയിട്ട് പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നത്. റെയില്‍വേ ഉപയോഗിച്ച് പഴയതായ ഇരുമ്പ് പാളികളാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവില്‍ കിടങ്ങുകളും വൈദ്യുതി ഫെന്‍സിങ്ങുകളും ഉണ്ടെങ്കിലും ഇത് പര്യാപ്തമല്ലാതെ വന്നപ്പോഴാണ് പരീക്ഷണാടിസ്ഥാനത്തില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.വന്യജീവിപ്രശ്നത്തിന് ഇതിലൂടെ താ്തക്കാലിക ശമനം ലഭിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top