തെക്കന്‍ സുഡാനില്‍ സാധാരണക്കാര്‍ ക്രൂരമായി വേട്ടയാടപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്

ആഭ്യന്തര യുദ്ധം രൂക്ഷമായ തെക്കന്‍ സുഡാനില്‍ സാധാരണക്കാര്‍ ക്രൂരമായി വേട്ടയാടപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ ആക്രമസംഭവങ്ങളില്‍ 104 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. പതിനായിരക്കണക്കിന് പേര്‍ രാജ്യത്ത് നിന്നും പാലായാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ 95 വലിയ അക്രമസംഭവങ്ങളാണ് തെക്കന്‍ സുഡാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 104 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍ സുഡാനിലെ സമാധാനശ്രമങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഐക്യരാഷ്ട്ര നിയോഗിച്ച പ്രത്യേക കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്.

പ്രസിഡന്റ് സാല്‍വാ കിറിന്റെ സൈന്യവും മുന്‍ വൈസ് പ്രസിഡന്റ് റൈക് മഖാറിനോട് കൂറു പുലര്‍ത്തുന്ന സൈനിക വിഭാഗവുമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഇരു വിഭാഗങ്ങളും തമ്മില്‍ സമാധാനകരാറില്‍ ഒപ്പ് വെച്ചിരുന്നെങ്കിലും അതിക്രമങ്ങള്‍ക്ക് കുറവില്ല. സ്ത്രീകളേയും പെണ്‍കുട്ടികളെയും ലൈംഗികചൂഷണത്തിന് ഇരയാക്കുകയും പലരേയും നിര്‍ബന്ധപൂര്‍വ്വം ഭാര്യമാരാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 187 പേരെ സൈനികസംഘങ്ങള്‍ തട്ടികൊണ്ട് പോയതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അന്‍പതിനായിരത്തിലധികം പേരാണ് കഴിഞ്ഞ ഏഴുമാസത്തിനുള്ളില്‍ രാജ്യത്ത് നിന്നും പലായനം ചെയ്തത്. 2011ല്‍ സ്വതന്ത്ര്യമായ തെക്കന്‍ സുഡാനില്‍ 2013 ഓടെയാണ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top