ഒരു രാഷ്ട്രം ഒരു ഗ്രിഡ് പദ്ധതി കേരളത്തിന് ഗുണകരമാകും

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാഷ്ട്രം ഒരു ഗ്രിഡ് പദ്ധതി കേരളത്തിന് ഗുണകരമാകും.  കശുവണ്ടിയുടെ ഇറക്കുമതി തീരുവ കുറച്ചതും നികുതി വിഹിതംവര്‍ദ്ധിപ്പിച്ചതുമാണ് കേരളത്തിന് അനുകൂലമാകുന്ന ഘടകങ്ങള്‍. അതേ സമയം വായ്പ പരിധി ഉയര്‍ത്താത്തത് കേരളത്തിന് തിരിച്ചടിയായി. ശബരിമലയുടെ വികസനത്തിന് സാധ്യമായി എല്ലാം ചെയ്യുമെന്ന് പറഞ്ഞ കേന്ദ്രം ബജറ്റില്‍ പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചില്ല.

രാജ്യത്തെ വൈദ്യുതി വികസനത്തിന് ആവിഷ്‌ക്കരിച്ച ഒരു രാഷ്ട്രം ഒരു ഗ്രിഡ് പദ്ധതി കേരളത്തിന് നേട്ടമാകും. മുന്‍പ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ കേരളത്തിന് തടസ്സമായി നിന്നത് ഗ്രിഡിന്റെ ലഭ്യത കുറവായിരുന്നു. പദ്ധതി നടപ്പിലാക്കുന്നതോടെ കേരളം നേരിടുന്ന ഈ പ്രശ്‌നത്തിന് പരിഹാരമാകും. 2018നെ അപേക്ഷിച്ച് 1190.16 കോടി രൂപയുടെ നികുതി വിഹിതം കേരളത്തിന് അധികമായി ലഭിച്ചു. ആദായ നികുതി പരിധി ഉയര്‍ത്തിയത് കേരളത്തിലെ മധ്യവര്‍ഗത്തിലെ ഒരു വിഭാഗത്തിന് നേട്ടമാകും. പാസ്‌പോര്‍ട്ടുള്ള എന്‍ആര്‍ഐ ഇന്ത്യക്കാര്‍ക്ക് ആധാര്‍കാര്‍ നേടുന്നത് എളുപ്പമാക്കിയത് വിദേശ മലയാളികള്‍ക്ക് അനുഗ്രഹമാകും. കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. കേരളത്തിലെ ധനകമ്മി പരിധിവിട്ട് ഉയരാനുള്ള സാധ്യതയും മറ്റ് 12 സംസ്ഥാനങ്ങളും സമാനമായി ആവശ്യം ഒന്നയിച്ചതുമാണ് കേന്ദ്രം ഇത് പരിഗണിക്കാത്തതെന്നാണ് കേന്ദ്ര ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ദീര്‍ഘനാളെത്തെ ആവശ്യമായ എയിംസും കോച്ച് ഫാക്ടറിയും ഇത്തവണയും കേന്ദ്രം അനുവദിച്ചിട്ടില്ല. റബ്ബര്‍ ബോര്‍ഡിന് ഇത്തവണ രണ്ട് കോടിയുടെ കുറവും സമുദ്രോല്‍പ്പന്ന കയറ്റുമതി കൗണ്‍സിലിന് പത്ത് കോടിയുടെ കുറവും കേന്ദ്രം വരുത്തി. ടീ ബോര്‍ഡിന് പത്ത് കോടി രൂപയുടെ കുറവ് വരുത്തി 150 കോടിയാണ് അനുവദിച്ചത്. കാഷ്യു ബോര്‍ഡ് 1 കോടി ,സുഗന്ധ വ്യജ്ഞന ബോര്‍ഡിന് 100 കോടി. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 46.71 കോടി എന്നിവയാണ് കേരളത്തിന് ഉപകാരമാകുന്ന മറ്റ് ബജറ്റ് വിഹിതം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top