Advertisement

‘സൈറ നടന്ന വഴിയിലൂടെ ഞാനും നടന്നിട്ടുണ്ട്; പക്ഷേ വിട്ടുകൊടുത്തില്ല’: തുറന്നു പറഞ്ഞ് രുഹാനി സെയ്ദ്

July 5, 2019
Google News 1 minute Read

ബോളിവുഡ് നടി സൈറ വസീം അഭിനയം നിർത്താൻ തീരുമാനിച്ചതിൽ പ്രതികരണവുമായി മോഡലും ചിത്രകാരിയുമായ രുഹാനി സെയ്ദ്. മതത്തിൻ്റെ പേരിൽ തനിക്കും ആൾക്കൂട്ട ആക്രമണം നേരിട്ടിരുന്നെന്നും എന്നാൽ താൻ വിട്ടുകൊടുത്തില്ലെന്നും അവർ പറഞ്ഞു. സൈറ വസീം അഭിനയം ഉപേക്ഷിച്ചത് സ്വന്തം തീരുമാനപ്രകാരം ആയിരിക്കില്ലെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രുഹാനി വ്യക്തമാക്കി.

‘എനിക്ക് സൈറയോട് അനുഭാവം തോന്നുന്നു. കാരണം അവള്‍ നടന്ന വഴിയിലൂടെ ഞാനും സഞ്ചരിച്ചതാണ്. ദൈവം അനുഗ്രഹിച്ചു നല്‍കിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ ഗതികേടില്ല. സമൂഹം വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ നാല് വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത കലാസൃഷ്ടികള്‍ മുഴുവന്‍ എനിക്ക് കത്തിക്കേണ്ടി വന്നു. അഭിനയം ഉപേക്ഷിക്കുക എന്നത് സൈറയുടെ തീരുമാനം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സമൂഹം അവളെ കൊണ്ട് ചെയ്യിച്ചതാണിത്. കാശ്മീരില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ എനിക്കത് നന്നായി മനസ്സിലാകും.’- രുഹാനി വ്യക്തമാക്കി.

തന്റെ കലാസൃഷ്ടികള്‍ പലരിലും അസഹിഷ്ണുത ഉണ്ടാക്കിയിരുന്നെന്നും ഇനിയും തുടര്‍ന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിയുണ്ടായിരുന്നു എന്നുമാണ് രുഹാനി പറയുന്നത്. ‘കാശ്മീരിലെ ഒരു പ്രശ്‌നബാധിത മേഖലയില്‍ ജീവിച്ചിരുന്നതിനാല്‍ കലാജീവിതം തുടരാന്‍ സമൂഹം തന്നെ അനുവദിച്ചില്ല. സമൂഹത്തിലെ മതമൗലികവാദികള്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് തടയിടാന്‍ ശ്രമിച്ചു. അതുകൊണ്ടു ആരെയും അറിയിക്കാതെയാണ് തന്നെ ഞാന്‍ എന്റെ ജോലികള്‍ ചെയ്തത്. ഞാന്‍ മോഡലിങ് തുടങ്ങിയപ്പോള്‍ ജനങ്ങള്‍ എന്നെ സ്വീകരിച്ചു. എന്നാല്‍ മറുവശത്ത് ഞാന്‍ മര്‍ദ്ദിക്കപ്പെടുകയായിരുന്നു. എന്നെ ഒരു അടിമയെപ്പോലെ തടഞ്ഞു വച്ചു. ദൈവത്തെക്കുറിച്ച് പഠിക്കാനാണ് എന്നോട് അവര്‍ ആവശ്യപ്പെട്ടത്.’- രുഹാനി പറയുന്നു.

‘പെണ്‍കുട്ടികള്‍ വീട്ടിലെ ജോലികള്‍ ചെയ്യുന്നത് മാത്രമേ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. ഞാന്‍ കാരണം വീട്ടിലും പ്രശ്‌നമായി. കുറച്ചു കാലത്തേക്ക് ഞാന്‍ പെയിന്റിഗും മോഡലിങ്ങുമെല്ലാം നിര്‍ത്തിവച്ചു. പക്ഷേ ആ ജീവിതം എനിക്ക് സംതൃപ്തി നല്‍കിയില്ല. എന്റെ വര്‍ക്കുകളില്‍ അശ്ലീലം ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. പെയിന്റിങ് ചെയ്യുന്നത് മതത്തിന് നിരക്കാത്തതാണെന്ന് അവര്‍ എന്നെ ഉപദേശിച്ചു. പുറത്തിറങ്ങുമ്പോള്‍ അയല്‍ക്കാര്‍ പോലും എന്നോട് സംസാരിക്കാതെയായി. സമൂഹത്തില്‍ നിന്ന് എന്നെ പൂര്‍ണമായും ഒറ്റപ്പെടുത്തി.

സ്‌കൂളില്‍ പഠിക്കുന്ന സമയത്തും സമാനമായ അനുഭവങ്ങള്‍ ഞാന്‍ നേരിട്ടു. എന്നെ ശാരീരികമായും മാനസികമായും അവര്‍ പീഡിപ്പിച്ചു. ഐ.സി.യുവില്‍ കിടന്ന് മരണത്തെ മുഖാമുഖം കണ്ട അനുഭവം വരെ എനിക്കുണ്ടായി. അന്ന് ഞാന്‍ തീരുമാനമെടുത്തു എന്തു തന്നെ വന്നാലും ഞാന്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കില്ല എന്ന്. ഞാന്‍ എന്റെ ബുര്‍ഖയില്‍ നിന്ന് പതുക്കെ പുറത്ത് കടന്നു. പൗരോഹിത്യത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്തിനാണ് ബുര്‍ഖ ധരിക്കുന്നത് എന്നു പോലും അവര്‍ക്ക് അറിയില്ല.

സമൂഹം എന്നെ നോക്കികണ്ടത് അത്രയും മോശമായായിരുന്നു. പത്ത് കാന്‍വാസുകളിലായി നാല് വര്‍ഷം കൊണ്ട് ഞാന്‍ ചെയ്ത പെയിന്റിങ്ങുകള്‍ എല്ലാം എനിക്ക് കത്തിക്കേണ്ടി വന്നു. ആ കടുത്ത അനുഭവങ്ങള്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. സ്വാതന്ത്ര്യത്തിലേക്ക് നടന്നു നീങ്ങാന്‍ ഞാന്‍ തീരുമാനമെടുത്തു. എനിക്ക് ദൈവം വരദാനമായി നല്‍കിയ കഴിവുകള്‍ ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല. ആ തിരിച്ചറിവ് എന്നെ ഇവിടെ എത്തിച്ചു’- രുഹാനി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here