ഓസീസ് ക്യാമ്പിലും പരിക്ക് കളിക്കുന്നു: ഖവാജ പുറത്ത്; സ്റ്റോയിനിസ് ഉണ്ടാവുമെന്ന് ഉറപ്പില്ല

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടത്തിന് ഒരുങ്ങുന്ന ഓസ്ട്രേലിയയ്ക്കു തിരിച്ചടി. മൂന്നാം നന്പർ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജ ലോകകപ്പിൽനിന്നു പുറത്തായി. കൈത്തണ്ടയ്ക്കേറ്റ പരിക്കാണ് ഖവാജയ്ക്കു തിരിച്ചടിയായത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഖവാജയ്ക്കു പരിക്കേറ്റത്. റിട്ടയർഡ് ഹർട്ടായി മടങ്ങിയ ഖവാജ അവസാന ഘട്ടത്തിൽ തിരികെ വന്നെങ്കിലും 18 റണ്‍സ് മാത്രമാണ് നേടിയത്. ഖവാജയുടെ പരിക്ക് ഭേദമാകാൻ നാലാഴ്ച വേണ്ടിവരുമെന്നാണു റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയും ഖവാജയ്ക്കു നഷ്ടമായേക്കുമെന്നാണു സൂചന. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വേഡിനെ ഖവാജയ്ക്കു പകരക്കാരനായി ഓസീസ് ടീമിൽ ഉൾപ്പെടുത്തുമെന്ന് ടീം മാനേജ്മെൻ്റ് അറിയിച്ചിട്ടുണ്ട്.
ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസിനും പരിക്കേറ്റിട്ടുണ്ട്. ഇതേതുടർന്ന് മിച്ചൽ മാർഷിനോട് പകരക്കാരനായി ടീമിൽ ചേരാൻ ക്രിക്കറ്റ് ഓസ്ട്രേലിയ നിർദേശിച്ചു. സ്റ്റോയിനിസിന്റെ പരിക്ക് ഗുരുതരമാണോ, ലോകകപ്പിനു പുറത്താകുമോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല.
നേരത്തെ ഓസ്ട്രേലിയൻ മധ്യനിര ബാറ്റ്സ്മാൻ ഷോണ്‍ മാർഷും പരിക്കേറ്റു ലോകകപ്പിൽനിന്നു പുറത്തായിരുന്നു. പീറ്റർ ഹാൻഡ്സ്കോമ്പിനെയാണ് പകരക്കാരനായി ഓസീസ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here