അഹന്തയാണ് കോൺഗ്രസിന്റെ പരാജയ കാരണമെന്ന് ആനത്തലവട്ടം ആനന്ദൻ

അഹങ്കാരമാണ് കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതെന്ന് സി.പി.ഐ.എം നേതാവും സി.ഐ.ടിയു നേതാവുമായ ആനത്തലവട്ടം ആനന്ദൻ. ബിജെപി ഭരണത്തിന്റെ വൈകല്യങ്ങൾ പ്രചരിപ്പിക്കാൻ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ഇല്ലാതെ പോയെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ സി.ഐ.ടി.യു ജില്ലാ കൺവെൺഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദൻ.
കോർപ്പറേറ്റുകൾക്ക് നരേന്ദ്ര മോദി ദാസ്യവേല ചെയ്യുകയാണ്. അതിനായി ഇന്ത്യൻ ജനതയുടെ അഭിമാനം പണയംവെക്കാൻ ഒരു മടിയുമില്ല. ഇറാനിൽ നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം അക്ഷരംപ്രതി പാലിച്ചു. മോദിയുടെ അഞ്ച് വർഷത്തെ ഭരണത്തിൽ കോർപ്പറേറ്റുകളുടെ സ്വത്ത് നാലഞ്ച് ഇരട്ടിയായാണ് വർധിച്ചുവെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
വാർത്താവിനിമയ രംഗം ശത്രുക്കളെ ഏൽപ്പിച്ചുകഴിഞ്ഞു. ഇന്ത്യൻ റെയിൽവേയും വിൽക്കുകയാണ്. 700 സ്റ്റേഷനുകളാണ് വിൽക്കുന്നത്. ഇ.എസ്.ഐ കോർപ്പറേറ്റുകൾക്ക് ഒന്നരശതമാനം കുറച്ച്‌കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here