മുംബൈയില്‍ വീണ്ടും കനത്ത മഴ; പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു

മുംബൈയില്‍ വീണ്ടും കനത്ത മഴ. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ കഴിയാതെ മൂന്ന് വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു. മുംബൈ നഗരത്തിലെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. കാലാവസ്ഥാ വകുപ്പ് മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മഴ മൂലം രാവിലെ 9.15 മുതല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുംബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ മഴമൂലം വാഹന ഗതാഗതം തടസപ്പെട്ടു. പലയിടത്തും കിലോമീറ്ററുകളോളം നീണ്ട ഗതാഗത കുരുക്കാണ്.ബാന്ദ്ര, സാന്താക്രൂസ്, വിലെ പാര്‍ലെ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഗതാഗത തടസം രൂക്ഷമായി. മഴയ്ക്ക് പിന്നാലെ റോഡുകളില്‍ വന്‍കുഴികള്‍ രൂപപ്പെട്ടതാണ് മിക്കയിടത്തും ഗതാഗത തടസത്തിനു കാരണമായത്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് കാലാസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം.
കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. പലയിടത്തും ട്രെയന്‍ ഗതാഗതം അടക്കം തടസപ്പെടുകയും ചെയ്തു. നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അക്ഷരാര്‍ത്ഥത്തില്‍ നഗരം സ്തംഭിച്ച അവസ്ഥയിലായിരുന്നു. മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തിലുള്‍പ്പെടെ അമ്പതിലധികം ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here