സെമി നാളെ മുതൽ; ഇന്ത്യക്ക് കിവീസ് കടമ്പ

ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കം. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകളാണ് വിശ്വകിരീടത്തിനായി വരും ദിവസങ്ങളിൽ പോരടിക്കുക. ആദ്യ മത്സരം ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ്. രണ്ടാം മത്സരം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ്.
നാളെയാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം മഴയിൽ ഉപേക്ഷിച്ചിരുന്നു. സന്നാഹ മത്സരത്തിൽ ഇന്ത്യയെ അനായാസം പരാജയപ്പെടുത്തിയ കിവീസ് അവസാന മത്സരങ്ങളിൽ പിന്നാക്കം പോയിരുന്നു. ഓപ്പണർമാരുടെ മോശം ഫോമാണ് ന്യൂസിലൻഡ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. കെയിൻ വില്ല്യംസണും റോസ് ടെയ്ലറും മാത്രമാണ് ബാറ്റിംഗിൽ ഉത്തരവാദിത്തം കാണിക്കുന്നത്.
ഇന്ത്യക്ക്, മധ്യനിര പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഋഷഭ് പന്ത് ഒരു എക്സ് ഫാക്ടർ ആണെങ്കിലും ഓപ്പണർമാർ പരാജയപ്പെട്ടാൽ ക്രീസിൽ പിടിച്ചു നിന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള പക്വത പന്തിന് ഉണ്ടായിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. മത്സര പരിചയമില്ലാത്തതും ഇന്ത്യൻ മധ്യനിര പ്രശ്നങ്ങളെ അധികരിപ്പിക്കും. ദിനേഷ് കാർത്തികിൽ ഒരു ചോയ്സ് ഉണ്ടെന്നതാണ് നിലവിൽ ഇന്ത്യയുടെ പ്ലസ് പോയിൻ്റ്
ഒപ്പം, കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗിച്ച മുഹമ്മദ് ഷമി ഭുവനേശ്വർ കുമാറിനെ മറികടന്ന് ടീമിലെത്തുമോ എന്നതും ചോദ്യമായി അവശേഷിക്കുകയാണ്. അതേ സമയം, മൂന്ന് പേസർമാരെ പരീക്ഷിക്കുകയാണെങ്കിൽ എങ്ങനെയാവും ഫൈനൽ ലൈനപ്പ് എന്നതും ചോദ്യമായി അവശേഷിക്കുകയാണ്. കുൽ-ച സഖ്യം ഇതുവരെ കൃത്യമായ ഫോമിലെത്തിയില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here