പാർത്ഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ആന്തൂരിലെ പാർത്ഥ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി. ഓഡിറ്റോറിയത്തിന്റെ തൊട്ടടുത്തായി നിർമ്മിച്ച വാട്ടർ ടാങ്ക് ആറ് മാസത്തിനകം പൊളിച്ച് നീക്കണമെന്ന ഉപാധിയോടെയാണ് അനുമതി നൽകിയത്. മറ്റ് ചട്ടലംഘനങ്ങളെല്ലാം പരിഹരിച്ചതായി ആന്തൂർ നഗരസഭാ സെക്രട്ടറി.
ആന്തൂർ നഗരസഭ കണ്ടെത്തിയ ചട്ടലംഘനങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാം പരിഹരിച്ചെന്ന് കണ്ടെത്തിയാണ് പാർത്ഥ കൺവെൻഷൻ സെന്ററിന് അനുമതി നൽകിയത്. ഓഡിറ്റോറിയത്തിന്റെ അടുത്തായി നിർമ്മിച്ച വാട്ടർ ടാങ്ക് ആറ് മാസത്തിനകം നീക്കം ചെയ്യണമെന്ന ഉപാധിയോടെയാണ് അനുമതി. വാട്ടർ ടാങ്കുമായി ബന്ധപ്പെട്ട ചട്ടലംഘനം പരിഹരിക്കാൻ പത്ത് മാസം സമയം അനുവദിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാൽക്കണിയുടെ വലിപ്പം കുറക്കുക, റാംപിന്റെ ചെരിവ് കുറക്കുക, കൂടുതൽ ടോയ്‌ലെറ്റുകളും യൂറിനൽസും വാഷ് ബേസുകളും നിർമ്മിക്കുക എന്നീ നിർദേശങ്ങൾ പാലിച്ചെന്ന് പരിശോധനയിൽ വ്യക്തമായതായി നഗരസഭാ സെക്രട്ടറി.
നഗരസഭ നിർദേശിച്ച അപാകതകൾ പരിഹരിച്ച ശേഷം സാജൻ പാറയിലിന്റെ കുടുംബം പുതിയ അപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് സെക്രട്ടറി കൺവെൻഷൻ സെന്ററിൽ പരിശോധന നടത്തിയത്. തുറസായ സ്ഥലത്ത് നിർമിച്ച വാട്ടർ ടാങ്ക് പൊളിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തിൽ പ്രത്യേക ഇളവ് അനുവദിക്കണമെന്നും കുടുംബം സർക്കാരിനോട് അപേക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഇതുവരെ വന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here