ജർമൻ യുവതിയുടെ തിരോധാനം; അന്വേഷണം എങ്ങുമെത്തിക്കാനാകാതെ പൊലീസ്

തിരുവനന്തപുരത്തു നിന്ന് കാണാതായ ജർമൻ യുവതി ലിസ വെയ്‌സിനായുള്ള അന്വേഷണം എങ്ങുമെത്തിക്കാനാകാതെ പൊലീസ്. ദിവസങ്ങൾ പിന്നിട്ടിട്ടും ലിസ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ലിസയുടെ അമ്മയുടെ മൊഴി വീഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്താനുള്ള നീക്കത്തിന് ജർമൻ പൊലീസിന്റെ അനുകൂല മറുപടി ലഭിച്ചില്ല. അതേസമയം ലിസയ്ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലിസയുടെ ഫോൺ അവസാനമായി പ്രവർത്തിച്ചത് വർക്കലയിലുള്ള ടവറിനു കീഴിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടുത്തെ റിസോർട്ടുകളും, ഹോട്ടലുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും പുരോഗതിയുണ്ടായില്ല. നിലവിൽ വടക്കൻ കേരളം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 2011ൽ ഈജിപ്തിൽ വച്ച് മതം മാറിയ ലിസയ്ക്ക് ചില മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലിസയ്ക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന കാര്യം പൊലീസ് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ പറഞ്ഞു.
ലിസയുടെ അമ്മ കാത്‌റിൻ വെയ്‌സിന്റെ മൊഴി വീഡിയോ കോൺഫറസിലൂടെ രേഖപ്പെടുത്താനുള്ള പൊലീസിന്റെ നീക്കത്തിന് ജർമ്മൻ പൊലീസിന്റെ അനുകൂല മറുപടി ലഭിച്ചില്ല. എന്നാൽ ലിസയുടെ മുൻ ഭർത്താവിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മാർച്ച് 7 നാണു ജർമൻ യുവതി ലിസ വെയ്‌സ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. കൊല്ലം അമൃതപുരിയിലേക്കു പോകുന്നുവെന്നാണ് യാത്രാരേഖകളിൽ പറയുന്നതെങ്കിലും ഇവിടേക്കാണ് പോയതെന്ന കാര്യത്തിലും സ്ഥിരീകരണമില്ല. ശംഖുമുഖം എ.സി ഇളങ്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here