തെറ്റ് ചെയ്തത് പി ജെ ജോസഫും കൂട്ടരും; തിരുത്തി തിരുച്ചുവന്നാൽ ക്ഷമിക്കുമെന്ന് റോഷി അഗസ്റ്റിൻ

പി.ജെ ജോസഫും കൂട്ടരുമാണ് തെറ്റ് ചെയ്തതെന്ന് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. തെറ്റു തിരുത്തി തിരിച്ചു വന്നാൽ ഇവരോട് ക്ഷമിക്കാൻ പാർട്ടി തയ്യാറാകും. കേരള കോൺഗ്രസ് (എം) തങ്ങളുടേതാണെന്നും റോഷി അഗസ്റ്റിൻ എംഎൽഎ അഭിപ്രായപ്പെട്ടു.

ജോസ് കെ മാണിയും കൂട്ടരും പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും ഇത് തിരുത്തി തിരിച്ചു വന്നാൽ ഇവരെ വീണ്ടും സ്വീകരിക്കാൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം പി.ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അഭിപ്രായ പ്രകടനം ഉണ്ടായിരിക്കുന്നത്. യഥാർത്ഥ കേരള കോൺഗ്രസ് (എം) തങ്ങളുടേതാണ്. പി.ജെ.ജോസഫും കൂട്ടരുമാണ് തെറ്റ് ചെയ്തത്. തെറ്റു തിരുത്തി തിരിച്ചു വന്നാൽ അവരോട് ക്ഷമിക്കാൻ പാർട്ടി തയ്യാറാകുമെന്നും ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ എംഎൽഎ വ്യക്തമാക്കി.

കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണിയാണ്. ചെയർമാൻ തെരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയിട്ടില്ല. ചെയർമാനായി ആക്റ്റ് ചെയ്യുന്നതിനാണ് വിലക്ക്. വ്യവസ്ഥാപിതമായാണ് ചെയർമാനെ തെരഞ്ഞെടുത്തതെന്നും റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.

അതേസമയം പാലാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിലെ തർക്കങ്ങൾ പ്രശ്‌നമാകില്ലെന്നും ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും തങ്ങൾക്കൊപ്പമാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More