കാലിടറി കിവീസ്; ഇന്ത്യക്ക് 240 റൺസ് വിജയലക്ഷ്യം

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 239 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർദ്ധസെഞ്ചുറികൾ നേടിയ റോസ് ടെയ്‌ലറും കെയിൻ വില്ല്യംസണുമാണ് കിവീസിനു വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്തത്. ഇന്ത്യക്കു വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റിട്ടു.
ഉജ്ജ്വലമായാണ് ഇന്ത്യ തുടങ്ങിയത്. ബാറ്റിംഗ് പിച്ചാണെന്ന വിലയിരുത്തലുകൾ തകർക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബുംറയും ഭുവിയും ചേർന്ന് ഓപ്പൺ ചെയ്ത ഇന്ത്യ ബൗളിംഗിനെ നേരിടാൻ കിവീസ് വിയർത്തു. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ഇരുവരും മെയ്ഡൻ ഓവറുകളോടെയാണ് ആരംഭിച്ചത്. ഇന്നിംഗ്സിൻ്റെ 17ആം പന്തിലാണ് ന്യൂസിലൻഡ് ആദ്യ റൺ നേടിയത്. ഓപ്പണിംഗ് ബൗളർമാരുടെ ശക്തമായ ഭീഷണി അതിജീവിക്കാൻ പരിശ്രമിച്ച ഗപ്റ്റിൽ നാലാം ഓവറിൽ വീണു. ഒരു റണ്ണെടുത്ത ഗപ്റ്റിലിനെ ബുംറ സ്ലിപ്പിൽ കോലിയുടെ കൈകളിൽ എത്തിച്ചു.
തുടർന്ന് ഹെൻറി നിക്കോളാസിനൊപ്പം കെയിൻ വില്ല്യംസൺ ക്രീസിൽ ഒത്തു ചേർന്നു. ആദ്യ പവർ പ്ലേ ശ്രമകരമായി അതിജീവിച്ച ഇരരും പിന്നീട് അനായാസം സ്കോർ ഉയർത്തി. ഇന്ത്യൻ സ്പിന്നർമാരെ ശ്രദ്ധാപൂർവം നേരിട്ട ഇരുവരും ഹർദ്ദിക് പാണ്ഡ്യയെയും അനായാസം നേരിട്ടു. രണ്ടാം വിക്കറ്റിൽ 68 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 28 റൺസെടുത്ത ഹെൻറി നിക്കോളാസിനെ ജഡേജ ക്ലീൻ ബൗൾഡാക്കി.
തുടർന്ന് ടെയ്‌ലർ-വില്ല്യംസൺ സഖ്യം ക്രീസിൽ ഒത്തു ചേർന്നു. പിച്ചിൽ ബാറ്റിംഗ് ദുഷ്കരമാണെന്നു മനസ്സിലാക്കിയ ഇരുവരും വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെയാണ് കൂടുതലും സ്കോർ ചെയ്തത്. റിസ്കെടുക്കാൻ വിസമ്മതിച്ച ഇരുവരും ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തിയതോടെ ഇന്നിംഗ്സ് വീണ്ടും നേർദിശയിലായി. ഇതിനിടെ 79 പന്തുകളിൽ വില്ല്യംസൺ അർദ്ധ ശതകം കുറിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 65 റൺസ് കൂട്ടിച്ചേർത്തു. 36ആം ഓവറിൽ യുസ്‌വേന്ദ്ര ചഹാലാണ് ഈ കൂട്ടുകെട്ട് തകർത്തത്. 67 റൺസെടുത്ത വില്ല്യംസണെ ചഹാൽ ജഡേജയുടെ കൈകളിലെത്തിച്ചു.
ജെയിംസ് നീഷം (12), കോളിൻ ഡി ഗ്രാൻഡ്‌ഹോം (16) എന്നിവർ പെട്ടെന്ന് പുറത്തായി. നീഷമിനെ ഹർദിക്കിൻ്റെ പന്തിൽ ദിനേഷ് കാർത്തിക് പിടികൂടിയപ്പോൾ ഗ്രാൻഡ്‌ഹോമിനെ ഭുവനേശ്വർ ധോണിയുടെ കൈകളിലെത്തിച്ചു. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഭാഗ്യത്തിൻ്റെ സഹായത്തോടെ ഒരു വശത്ത് ഉറച്ചു നിന്ന റോസ് ടെയ്‌ലർ 73 പന്തുകളിൽ അർദ്ധശതകം തികച്ചു. ആളില്ലാത്ത ഇടങ്ങളിൽ വീഴുന്ന ഔട്ട്സൈഡ് എഡ്ജുകളും ഇന്ത്യയുടെ മോശം ഫീൽഡിംഗും ന്യൂസിലൻഡിനെ തുണച്ചു.
ഇതിനിടെ 46.1 ഓവറിൽ മഴയെത്തി കളി മുടങ്ങി. ഇന്നാണ് ബാക്കി ഇനിംഗ്സ് ആരംഭിച്ചത്. ബുംറ എറിഞ്ഞ 48ആം ഓവറിലെ അവസാന പന്തിൽ രണ്ടാം റണ്ണിനോടിയ ടെയ്‌ലറിനെ രവീന്ദ്ര ജഡേജ നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കിയത് കിവീസിനു കനത്ത തിരിച്ചടിയായി. 74 റൺസെടുത്താണ് ടെയ്‌ലർ പുറത്തായത്. ഭുവി എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ ടോം ലതമിനെ (10) ഉജ്ജ്വലമായി പിടികൂടിയ ജഡേജ ന്യൂസിലൻഡിൻ്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. ഓവറിലെ അവസാന പന്തിൽ മാറ്റ് ഹെൻറി(1)യെ കോലിയുടെ കൈകളിലെത്തിച്ച ഭുവി മത്സരത്തിലെ മൂന്നാം വിക്കറ്റ് വീഴ്ത്തി.
ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 9 റൺസെടുത്ത മിച്ചൽ സാൻ്റ്നറും 3 റൺസെടുത്ത ട്രെൻ്റ് ബോൾട്ടും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here