കർണാടകയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; രണ്ട് എംഎൽഎമാർ കൂടി രാജിവച്ചു

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവച്ചു. എംടിബി നാഗരാജ്, കെ സുധാകർ എന്നിവരാണ് നിയമസഭാംഗത്വം രാജിവെച്ചത്. ഇരുവരും രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. ഇതോടെ ഭരണപക്ഷത്തു നിന്നും രാജി വച്ച എംഎൽഎമാരുടെ എണ്ണം 16 ആയി. കുമാരസ്വാമി മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായെന്നും മുഖ്യമന്ത്രി കുമാരസ്വാമിയുടെ രാജി തേടണമെന്നും ബിജെപി നേരത്തെ കർണാടക ഗവർണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
Read Also; സ്പീക്കർക്കെതിരെ കർണാടകത്തിലെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു
കോൺഗ്രസ് -ജെഡിഎസ് വിമത എംഎൽഎ മാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനം നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിലാണ് ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി നേതാവ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘം കർണാടക ഗവർണർ വാജുഭായ് വാലയെ കണ്ടത്.അതേ സമയം വിമത എംഎൽഎമാർ ഇന്ന് വീണ്ടും സ്പീക്കർക്ക് രാജിക്കത്ത് നൽകി. സ്പീഡ് പോസ്റ്റ് വഴി രാജിക്കത്തയച്ച എംഎൽഎമാർ സ്പീക്കറുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിക്കുകയും ചെയ്തു. രാജി സ്വീകരിക്കാത്ത കർണാടക സ്പീക്കർക്കെതിരെ വിമത എംഎൽഎമാർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Read Also; കർണാടകയിൽ രാജ്ഭവനിലേക്കുള്ള വഴിയിൽ കുത്തിയിരുന്ന് കോൺഗ്രസ്,ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം
രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമത എംഎൽഎമാർ ഹർജി നൽകിയിരിക്കുന്നത്. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഭരണപക്ഷത്ത് നിന്നും രാജിവച്ച പതിമൂന്ന് എംഎൽഎ മാരിൽ എട്ട് പേരുടെ രാജി നിയമപ്രകാരമല്ലെന്ന് കർണാടക സ്പീക്കർ കെ.ആർ രമേഷ് കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജിവയ്ക്കുന്നവർ നേരിട്ടെത്തണമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതിനെതിരെയാണ് വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്.
വിമത എംഎൽഎമാരെ കാണാനായി മുംബൈയിലെത്തിയ കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ ഇന്ന് ഉച്ചയോടെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ നിരോധനാജ്ഞ ലംഘിച്ച് ധർണ നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
Mumbai: #Karnataka Minister DK Shivakumar, Milind Deora & other Congress leaders who were detained, have been kept at Kalina University rest house. They were sitting outside Renaissance – Mumbai Convention Centre Hotel when they were detained by police. pic.twitter.com/K2EgyB3O6f
— ANI (@ANI) 10 July 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here