റണ്ണൗട്ടിലൊടുങ്ങി സ്മിത്തിന്റെ പോരാട്ടം; ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. 85 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി ആദിൽ രഷീദും ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. എറിഞ്ഞ ആദ്യ പന്തിൽ തന്നെ ആരോൺ ഫിഞ്ചിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനു സ്വപ്ന സമാനമായ തുടക്കം നൽകി. മൂന്നാം ഓവറിൽ വാർണറും പുറത്ത്. ഒൻപത് റൺസെടുത്ത വാർണറെ ക്രിസ് വോക്സിൻ്റെ പന്തിൽ ജോണി ബാരിസ്റ്റോ പിടികൂടി. പരിക്കേറ്റ ഉസ്മാൻ ഖവാജയ്ക്കു പകരം ടീമിലെത്തിയ പീറ്റർ ഹാൻഡ്സ്കോമ്പ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഏഴാം ഓവറിൽ വോക്സിനു തന്നെ കീഴടങ്ങി. 4 റൺസെടുത്ത ഹാൻഡ്സ്കോമ്പ് പ്ലെയ്ഡ് ഓണാവുകയായിരുന്നു.

14/3 എന്ന നിലയിൽ ഒത്തു ചേർന്ന സ്മിത്ത്-കാരി സഖ്യം ഓപ്പണിംഗ് ബൗളർമാരെ ശ്രദ്ധാപൂർവം നേരിട്ട് സാവധാനം സ്കോർ ഉയർത്തി. വ്യക്തിഗത സ്കോർ നാലു റൺസിൽ നിൽക്കെ ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് താടിക്ക് പരിക്കേറ്റെങ്കിലും അത് വക വെക്കാതെയാണ് കാരി ബാറ്റ് ചെയ്തത്. തുടക്കത്തിൽ ബൗളർമാർക്ക് പിച്ചിലുണ്ടായിരുന്ന പിന്തുണ അവസാനിച്ചതോടെ സഖ്യം സ്കോർ ഉയർത്താൻ തുടങ്ങി. അനായാസം ബാറ്റ് ചെയ്ത ഇരുവരും തുടർച്ചയായി ബൗണ്ടറികളും കണ്ടെത്തി. നാലാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 28ആം ഓവറിൽ വേർപിരിഞ്ഞു. 46 റൺസെടുത്ത കാരിയെ ആദിൽ റഷീദ് ജെയിംസ് വിൻസിൻ്റെ കൈകളിലെത്തിച്ചു. ആ ഓവറിൽ തന്നെ സ്റ്റോയിനിസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ റഷീദ് ഓസ്ട്രേലിയയെ വീണ്ടും അപകടത്തിലേക്ക് തള്ളിയിട്ടു.

ഇതിനിടെ 72 പന്തുകളിൽ സ്മിത്ത് അർദ്ധസെഞ്ചുറി കുറിച്ചു. തുടർന്ന് മാക്സ്‌വൽ ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയെങ്കിലും 35ആം ഓവറിൽ അദ്ദേഹത്തെ പുറത്താക്കിയ ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 22 റൺസെടുത്ത മാക്സ്‌വൽ ആറാം വിക്കറ്റിൽ സ്മിത്തുമായി 39 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തിയിരുന്നു. 38ആം ഓവറിൽ ആറ് റൺസെടുത്ത പാറ്റ് കമ്മിൻസിനെ ജോ റൂട്ടിൻ്റെ കൈകളിലെത്തിച്ച ആദിൽ റഷീദ് മത്സരത്തിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

ശേഷം എട്ടാം വിക്കറ്റിൽ ഒത്തു ചേർന്ന മിച്ചൽ സ്റ്റാർക്ക്-സ്റ്റീവൻ സ്മിത്ത് സഖ്യം ഓസീസിനെ മാന്യമായ സ്കോറിലെത്തിച്ചു. ഇരുവരും ചേർന്ന് 51 റൺസാണ് കൂട്ടിച്ചേർത്തത്. 48ആം ഓവറിലെ ആദ്യ പന്തിൽ സ്മിത്ത് റണ്ണൗട്ടായത് ഓസീസിനു കനത്ത പ്രഹരമായി. ഒരു ക്വിക്ക് സിംഗിളിനുള്ള ശ്രമത്തിനിടെ സ്മിത്തിനെ  നേരിട്ടുള്ള ഏറിലൂടെ ജോസ് ബട്‌ലർ പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ മിച്ചൽ സ്റ്റാർക്കിനെ ക്രിസ് വോക്സ് ബട്‌ലറിൻ്റെ കൈകളിലെത്തിച്ചു. 49ആം ഓവറിലെ അവസാന പന്തിൽ ജേസൻ ബഹ്രണ്ടോർഫിനെ ക്ലീൻ ബൗൾഡാക്കിയ മാർക്ക് വുഡ് ഓസീസ് ഇന്നിംഗ്സിനു തിരശീലയിട്ടു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top