നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട്; ഓസ്ട്രേലിയ കരകയറുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ വീണിട്ടും നാലാം വിക്കറ്റിൽ ഒത്തു ചേർന്ന സ്റ്റീവൻ സ്മിത്ത്-അലക്സ് കാരി സഖ്യമാണ് ഓസീസിനെ കരകയറ്റിയത്.
രണ്ടാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. എറിഞ്ഞ ആദ്യ പന്തിൽ തന്നെ ആരോൺ ഫിഞ്ചിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനു സ്വപ്ന സമാനമായ തുടക്കം നൽകി. മൂന്നാം ഓവറിൽ വാർണറും പുറത്ത്. ഒൻപത് റൺസെടുത്ത വാർണറെ ക്രിസ് വോക്സിൻ്റെ പന്തിൽ ജോണി ബാരിസ്റ്റോ പിടികൂടി. പരിക്കേറ്റ ഉസ്മാൻ ഖവാജയ്ക്കു പകരം ടീമിലെത്തിയ പീറ്റർ ഹാൻഡ്സ്കോമ്പ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഏഴാം ഓവറിൽ വോക്സിനു തന്നെ കീഴടങ്ങി. 4 റൺസെടുത്ത ഹാൻഡ്സ്കോമ്പ് പ്ലെയ്ഡ് ഓണാവുകയായിരുന്നു.
14/3 എന്ന നിലയിൽ ഒത്തു ചേർന്ന സ്മിത്ത്-കാരി സഖ്യം ഓപ്പണിംഗ് ബൗളർമാരെ ശ്രദ്ധാപൂർവം നേരിട്ട് സാവധാനം സ്കോർ ഉയർത്തി. വ്യക്തിഗത സ്കോർ നാലു റൺസിൽ നിൽക്കെ ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് താടിക്ക് പരിക്കേറ്റെങ്കിലും അത് വക വെക്കാതെയാണ് കാരി ബാറ്റ് ചെയ്തത്. തുടക്കത്തിൽ ബൗളർമാർക്ക് പിച്ചിലുണ്ടായിരുന്ന പിന്തുണ അവസാനിച്ചതോടെ സഖ്യം സ്കോർ ഉയർത്താൻ തുടങ്ങി. അനായാസം ബാറ്റ് ചെയ്ത ഇരുവരും തുടർച്ചയായി ബൗണ്ടറികളും കണ്ടെത്തി. നാലാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം 28ആം ഓവറിൽ വേർപിരിഞ്ഞു. 46 റൺസെടുത്ത കാരിയെ ആദിൽ റഷീദ് ജെയിംസ് വിൻസിൻ്റെ കൈകളിലെത്തിച്ചു. ആ ഓവറിൽ തന്നെ സ്റ്റോയിനിസിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ റഷീദ് ഓസ്ട്രേലിയയെ വീണ്ടും അപകടത്തിലേക്ക് തള്ളിയിട്ടു.
ഇതിനിടെ 72 പന്തുകളിൽ സ്മിത്ത് അർദ്ധസെഞ്ചുറി കുറിച്ചു. നിലവിൽ 28 ഓവർ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here