ഹജ്ജ് തീർത്ഥാടകർക്ക് ഇത്തവണ സ്മാർട്ട് കാർഡുകൾ നൽകുമെന്ന് സൗദി

ഹജ്ജ് തീർത്ഥാടകർക്ക് ഇത്തവണ സ്മാർട്ട് കാർഡുകൾ നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കാണാതാകുന്ന തീർത്ഥാടകരെ കണ്ടെത്താനും ഈ സംവിധാനം വഴി സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ 25,000 തീർത്ഥാടകർക്കാണ് ഇത്തവണ ഹൈടെക് സ്മാർട്ട് കാർഡുകൾ നൽകുക. തീർത്ഥാടകരുടെ വ്യക്തിപരമായ വിവരങ്ങളും, ആരോഗ്യസ്ഥിതി, താമസ സ്ഥലം, ഹജ്ജ് സർവീസ് ഏജൻസി തുടങ്ങിയ വിവരങ്ങളും ഇതിൽ നിന്ന് ലഭിക്കും.
ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം ഈ കാർഡുകളിൽ ഉണ്ടാകുമെന്നതാണ് ഒരു പ്രത്യേകത. ഇത് വഴി മിനായിലെ കൺട്രോൾ റൂമിലിരുന്ന് ഓരോ തീർത്ഥാടകന്റെയും നീക്കങ്ങൾ നിരീക്ഷിക്കാൻ സാധിക്കും. ആകെ രണ്ട് ലക്ഷത്തോളം ഐ.ഡി കാർഡുകൾ ആണ് മന്ത്രാലയം ഇത്തവണ തയ്യാറാക്കുന്നത്. ഇതിൽ ഒന്നേമുക്കാൽ ലക്ഷം കാർഡുകളിലും ലൊക്കേഷൻ ട്രാക്കർ ഉണ്ടായിരിക്കില്ല. എന്നാൽ ഈ കാർഡ് സ്‌കാൻ ചെയ്താൽ തീർഥാടകരെ കുറിച്ചും അവർക്ക് ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കും.
വിജയകരമെന്ന് കണ്ടാൽ കൂടുതൽ തീർത്ഥാടകരിലേക്ക് കൂടുതൽ സാങ്കേതിക സംവിധാനങ്ങളോടെ അടുത്ത വർഷം ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രാലയത്തിലെ പ്ലാനിംഗ് ആൻഡ് സ്ട്രാറ്റജി മേധാവി അംറു അൽ മദ്ദ അറിയിച്ചു. താമസ സ്ഥലം കണ്ടെത്താനും, തിരക്കുള്ള ഭാഗങ്ങൾ കണ്ടെത്താനും, യാത്രാ വിവരങ്ങൾ ലഭിക്കാനും സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനും ഇത്തവണ ഹജ്ജ് മന്ത്രാലയം തയ്യാറാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here