Advertisement

ലേക് പാലസ് റിസോർട്ടിന് അനുകൂലമായി സർക്കാർ ഉത്തരവ്; 1.17 കോടിയുടെ നികുതി ഈടാക്കുന്നത് 34 ലക്ഷമാക്കി കുറക്കാൻ നിർദേശം

July 12, 2019
Google News 1 minute Read

മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മിതികൾക്ക് ആലപ്പുഴ നഗരസഭ നിശ്ചയിച്ച പിഴ തുക റദ്ദ് ചെയ്ത് സർക്കാർ. 1.17 കോടി പിഴ ഈടാക്കാനുള്ള നഗരസഭ തീരുമാനത്തിന് പകരം 34 ലക്ഷം പിഴ ഈടാക്കി നിർമ്മാണങ്ങൾ ക്രമവൽക്കരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം നഗരസഭ റീജണൽ ജോയൻറ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മാണം സംബന്ധിച്ച് പരിശോധന നടത്തിയ ആലപുഴ നഗരസഭ 2017ൽ 2.71 കോടി രൂപ പിഴ നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ആരോപണമുയർന്ന പശ്ചാത്തലത്തിൽ 2019ൽ വീണ്ടും പരിശോധന നടത്തുകയും പിഴ തുക 1.17 കോടിയായി ചുരുക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ലേക്പാലസ് ഉടമകളായ വാട്ടർവേൾഡ് കമ്പനി സർക്കാരിന് പരാതി നൽകുകയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം നഗരസഭ റീജണൽ ജോയന്റ് ഡയറക്ടർ പരിശോധന നടത്തുകയും ചെയ്തു. ഈ പരിരോധനയിലാണ് ലേക് പാലസിലെ അനധികൃത നിർമ്മാണത്തിന് നഗരസഭ നിശ്ചയിച്ച പിഴ തുക കൂടുതലാണെന്നും, 34 ലക്ഷം രൂപ ഈടാക്കി നിർമ്മാണം ക്രമവൽക്കരിക്കാനും നിർദ്ദേശിച്ചത്. ഉത്തരവ് നടപ്പാക്കാൻ നഗരസഭയ്ക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. സർക്കാർ നിർദ്ദേശം പാലിക്കാൻ നഗരസഭ സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നും ഉത്തരവ് ഓർമ്മപ്പെടുത്തുന്നു.

Read Also : ലേക് പാലസ് വിവാദം; പിഴ തുക യായ 2.71 കോടി തന്നെ ലേക് പാലസിൽ നിന്ന് ഈടാക്കും;സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം തള്ളി ആലപ്പുഴ നഗരസഭ

നേരത്തെ നഗരസഭാ തിരുമാനത്തിൽ അന്തിമ ഉത്തരവിന് കോടതിക്കോ/ തദ്ദേശഭരണ ട്രിബ്യൂണലിനോ മോത്രമേ അധികാരമുളളുവെന്ന സീനിയർ കൗൺസിലിൻറെ നിയമോപദേശം അടിസ്ഥാനപ്പെടുത്തിയാണ് ലേക്ക് പാലസിനു അനുകൂലമായ സർക്കാരിന്റെ മുൻ ഉത്തരവ് നഗരസഭ കൗൺസിൽ തളളിയത്. എന്നാൽ കേരള മുനിസിപ്പൽ ആക്ട് 322 പ്രകാരം നഗരസഭയുടെ നികുതി നിർണ്ണയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്ന് അഡി ചീഫ് സെക്രട്ടറി പുതിയ ഉത്തരവിലൂടെ വ്യക്തമാക്കുന്നു.

35 ലക്ഷം രൂപ ഈടാക്കി കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുളള അപേക്ഷയിൽ തീരുമാനമെടുക്കണമെന്നും. സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകണമെന്നും ഉത്തരവ് നിർദ്ദേശിക്കുന്നു. ഇതിന്മേൽ കൈക്കൊണ്ട നടപടികൾ സർക്കാരിനെ അറിയിക്കുകയും വേണം. അനധിക!ൃത നിർമ്മിതികൾക്ക് പരമാവധി 3 വർഷത്തെ പിഴ മാത്രമേ ഈടാക്കാവു എന്നിരിക്കെ നഗരസഭ 19 വർഷത്തെ പിഴ കണക്കാക്കിയെന്നും. അംഗീകരിച്ച പ്ലാനിൽ നിന്നും അധികരിച്ച അളവിലുളള നിർമ്മിതികളിൽ അധികമായവയ്ക്ക് മാത്രം പിഴ ചുമത്താമെന്നിരിക്കെ നിർമ്മിതി മുഴുവൻ അനധികൃതമെന്ന് നഗരസഭ കണക്കാക്കിയെന്നുമായിരുന്നു നഗരകാര്യ റീജ്യണൽ ഡയറക്ടറുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് അഡി ചീഫ് സെക്രട്ടറി ടി.കെ ജോസ് പുതിയ ഉത്തരവിട്ടിട്ടുളളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here