കർണാടക പ്രതിസന്ധി; സ്പീക്കർ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോയെന്ന് സുപ്രീകോടതി

Supreme court judiciary

കർണാടക രാഷ്ട്രീയ പ്രതിസന്ധിയിൽ സ്പീക്കർക്ക് സുപ്രീംകോടതിയുടെ വിമർശനം. സ്പീക്കർ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് ചോദിച്ചു. വിഷയത്തിൽ കോടതി ഇടപെടേണ്ടതില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയടം ആവശ്യപ്പെട്ടുകൊണ്ടുള്ള സ്പീക്കറുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ വിമർശനം. സ്പീക്കർക്ക് വേണ്ടി അഭിഷേക് സിംഗ്‌വിയാണ് കോടതിയിൽ ഹാജരായത്.

കൂറുമാറ്റ നിയമപ്രകാരം വിമത എംഎൽഎമാർക്കെതിരെ നടപടി പരിഗണനയിലാണെന്ന് സ്പീക്കർ കോടതിയിൽ പറഞ്ഞു. രാജിക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് അയോഗ്യത വിഷയത്തിൽ തീരുമാനമെടുക്കണമെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ അയോഗ്യതക്ക് പ്രത്യാഘാതം കൂടുതലാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. രാജിവെക്കുന്നതിന്റെ പ്രത്യാഘാതമല്ല അയോഗ്യതക്കെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്പീക്കറെ കാണാൻ ശ്രമിച്ചില്ലെന്ന് എംഎൽഎമാർ സമ്മതിച്ചിട്ടുണ്ടെന്നും സ്പീക്കർക്ക് വേണ്ടി അഭിഷേക് സിംഗ്‌വി പറഞ്ഞു. രാജി വാങ്ങവേ ചിത്രീകരിച്ച വീഡിയോയിൽ ഇക്കാര്യമുണ്ട്. സ്പീക്കർ ഒളിച്ചു കളിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ അപകീർത്തിപ്പെടുത്താനാണ്. നിയമം പോലും പരിശോധിക്കാതെയാണ് സ്പീക്കർക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും അഭിഷേക് സിംഗ്‌വി വാദിച്ചു.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യത ഇല്ലെന്നല്ല സ്പീക്കർ പറയുന്നത്. തീരുമാനമെടുക്കാൻ സാവകാശമാണ് ആവശ്യപ്പെടുന്നത്. ഭരണഘടനക്കുള്ളിൽ നിന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. കോടതിയോട് നരകത്തിൽ പോകാൻ സ്പീക്കർ പറഞ്ഞെന്ന മട്ടിലാണ് പ്രചാരണങ്ങൾ. സ്പീക്കറുടെ വാദങ്ങൾ കഴമ്പുള്ളതെന്നും അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. അതേസമയം, സ്പീക്കർക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് വിമത എംഎൽഎമാർ ആവശ്യപ്പെട്ടു. സ്പീക്കറെ കോടതിയിൽ നേരിട്ട് ഹാജരാക്കണം. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും വിമത എംഎൽഎമാർ പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രി കുമാരസ്വാമിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദം തുടങ്ങി. റിട്ട് ഹർജി സമർപ്പിക്കാനുള്ള ഒരു സാഹചര്യവും വിമത എംഎൽഎമാർക്ക് മുന്നിലിലെന്ന് കുമാരസ്വാമിക്ക് വേണ്ടി രാജീവ് ധവാൻ പറഞ്ഞു. ഹർജി നൽകിയതിന് ന്യായീകരണമില്ല. അയോഗ്യത നടപടിയിൽ തീരുമാനമെടുക്കാൻ കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ല. സുപ്രീംകോടതിയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമം നടക്കുകയാണ്. എംഎൽഎമാർ എന്താണ് സുപ്രീംകോടതിയിൽ നിന്ന് നേടാൻ പോകുന്നതെന്നും കുമാര സ്വാമി ചോദിച്ചു. സർക്കാരിനെ കൂടുതൽ പരാജയപ്പെടുത്താനാണോ വിമത എംഎൽഎമാർ കോടതിയെ സമീപിച്ചതെന്നും കുമാരസ്വാമി ചോദിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More