Advertisement

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചാന്ദ്രയാന്‍-2 ന്റെ ക്ഷമതാപരിശോധന പൂര്‍ത്തിയായി

July 13, 2019
Google News 1 minute Read

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചാന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുന്നോടിയായി , പൂര്‍ണതോതിലുള്ള ക്ഷമതാപരിശോധന പൂര്‍ത്തിയായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിലുറപ്പിച്ച വിക്ഷേപണ വാഹനത്തിന്റെയും ചാന്ദ്രയാന്‍ പേടകത്തിന്റെയും സൂക്ഷ്മതല പരിശോധനയാണ് ഇന്നലെ നടന്നത്. ഇന്ന് ചേരുന്ന ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡ് യോഗം വിക്ഷേപണത്തിന് അന്തിമാനുമതി നല്‍കും.

മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അന്‍പതാം വര്‍ഷത്തിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം. തിങ്കളാഴ്ച പുലര്‍ച്ചെ 2.51 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചാന്ദ്രയാന്‍ 2 പേടകം പറന്നുയരുന്നത്. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റാണിത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേയ്ക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2.

വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപമാണ് ചന്ദ്രയാന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ പറന്നിറങ്ങുക. ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് അപൂര്‍വമായാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here