യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യണമെന്ന് എം എം ഹസൻ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ പ്രിൻസിപ്പലിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് എം എം ഹസൻ. പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ഹസൻ ആവശ്യപ്പെട്ടു. പ്രകോപനമില്ലാതെ നടന്ന അക്രമമാണ്. ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഹസൻ ആവശ്യപ്പെട്ടു. എസ്എഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹസൻ. അഖിൽ അപകടനില തരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കോളേജിനെ കലാപ ഭൂമിയാക്കി മാറ്റുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കോളേജിൽ മാരകായുധങ്ങൾ സൂക്ഷിക്കുന്നുണ്ട്. കോളേജിൽ കോടിയേരി ബാലകൃഷ്ണനെ പ്രിൻസിപ്പലാക്കണം. കോളേജിൽ പരിശോധന നടത്തി മാരകായുധങ്ങൾ കണ്ടെത്തണമെന്നും ഹസൻ പറഞ്ഞു.
അതേസമയം, മയക്കുമരുന്ന് കൈമാറാനുള്ള കേന്ദ്രമായി യൂണിവേഴ്‌സിറ്റി കോളേജ് മാറിയെന്ന് ബിജെപി നേതാവും എംഎൽഎയുമായ ഒ രാജഗോപാൽ പറഞ്ഞു. തെറ്റായ കാര്യങ്ങൾക്ക് പ്രിൻസിപ്പൽ ഒത്താശ ചെയ്ത് കൊടുക്കുകയാണ്. പൊലീസ് കൈകെട്ടി നിൽക്കുകയാണ്. ഗുണ്ടായിസത്തിന് കൂട്ട് നിൽക്കുന്നവർക്ക് മാത്രമാണ് പ്രവർത്തന സ്വാതന്ത്ര്യമുള്ളതെന്നും രാജഗോപാൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here