Advertisement

‘നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരതെറ്റു തന്നെ’; എസ്എഫ്‌ഐയെ വിമർശിച്ച് സ്പീക്കർ

July 13, 2019
Google News 1 minute Read

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എസ്എഫ്‌ഐയെ വിമർശിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എസ്എഫ്‌ഐ നേതാക്കളുടെ ആക്രമണത്തിൽ കുത്തേറ്റ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി അഖിലിനോട് ശിരസ് കുനിച്ച് മാപ്പ് ചോദിക്കണമെന്ന് സ്പീക്കർ പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ശ്രീരാമകൃഷ്ണൻ എസ്എഫ്‌ഐയെ വിമർശിച്ചത്.

നിങ്ങൾ ഏത് തരക്കാരാണെന്നും നിങ്ങളെ നയിക്കുന്ന തീജ്വാല എന്താണെന്നും സ്പീക്കർ എസ്എഫ്‌ഐയോട് ചോദിക്കുന്നു. നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണെന്നും അദ്ദേഹം പറയുന്നു. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ പരാജയത്തിന്റെ നരകമാണ്. തെറ്റുകൾക്ക് മുമ്പിൽ രണ്ട് വഴികളില്ല. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തുവെച്ച രക്തനക്ഷത്രങ്ങളുടെ ഓർമകൾ മറക്കാതിരിക്കണെന്നും ശ്രീരാമകൃഷ്ണൻ ഓർമിപ്പിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഖിൽ
………………………………
എന്റെ ഹൃദയം നുറുങ്ങുന്നു,
കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്‌നേഹസുരഭിലമായ ഓർമ്മകളുടെ
ആ പൂക്കാലം.
‘എന്റെ, എന്റെ ‘എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്‌നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്റെ സർഗ്ഗാത്മക യൗവ്വനത്തെയാണ് നിങ്ങൾ
ചവുട്ടി താഴ്ത്തിയത്.

നിങ്ങൾ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ?
നിങ്ങളുടെ ഈ ദുർഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം
നമുക്ക് വേണ്ട.
ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക.

ഓർമ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയർപ്പും,
ചോരയും കണ്ണുനീരുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here