സിറോ മലബാര്‍ സഭാ വ്യാജരേഖാ കേസ്; ആദിത്യയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വൈദികര്‍

സിറോ മലബാര്‍ സഭാ വ്യാജരേഖാ കേസില്‍  പ്രതി ചേര്‍ക്കപ്പെട്ട ആദിത്യയെ കസ്റ്റഡിയില്‍ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈദികരുടെ നേതൃത്വത്തില്‍ പ്രതിഷേധം. കസ്റ്റഡിയില്‍ ആദിത്യ ക്രൂരമായ മൂന്നാം മുറയ്ക്ക് ഇരയായെന്നാണ് ആരോപണം. എറണാകുളം വഞ്ചി സ്‌ക്വയറിലാണ് ഏകദിന സത്യാഗ്രഹസമരം.

കോന്തുരുത്തി പള്ളി വികാരി മാത്യു ഇടശ്ശേരി, ഫാദര്‍ തോമസ് പൈനാടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ പണമിടപാട് രേഖകള്‍ നിര്‍മിച്ചുവെന്ന കേസിലാണ് കോന്തുരുത്തി സ്വദേശി ആദിത്യ സക്കറിയ അറസ്റ്റിലായത്. പിന്നീട് ആദിത്യ ജാമ്യത്തിലിറങ്ങി. എന്നാല്‍ ആദിത്യയെ 72 മണിക്കൂര്‍ പൊലീസ് അനധികൃധമായി കസ്റ്റഡിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കുക, വൈദികരെയും വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സിആര്‍ നീലകണ്ഠന്‍ സമരം ഉദ്ഘാടനം ചെയ്തു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച സമരം വൈകിട്ട് ഐജി ഓഫീസ് മാര്‍ച്ചോടെയാകും അവസാനിക്കുക. അതേ സമയം വ്യാജ രേഖ കേസില്‍ അറസ്റ്റിലായ വിഷ്ണു റോയിയെ കോടതി റിമാന്റ് ചെയ്തു. ആദിത്യയുടെ സുഹൃത്താണ് വിഷ്ണു റോയ് . വ്യാജരേഖയുണ്ടാക്കാന്‍ ആദിത്യയെ വിഷ്ണു സഹായിച്ചുവെന്നാണ് പൊലീസ് വാദം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More