പിഎസ് സി ഡ്രൈവർ റാങ്ക് പട്ടികയിൽ ഉള്ളവരെ എംപാനൽ നിയമനത്തിന് വിളിച്ചു

പിഎസ് സി ഡ്രൈവർ റാങ്ക് പട്ടികയിൽ ഉള്ളവരെ എംപാനൽ നിയമനത്തിന് വിളിച്ച് കെഎസ്ആർടിസി. നിയമനത്തിന്റെ ഭാഗമായി ഇരുപതോളം പേരുടെ റോഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ മലപ്പുറം ഡിപ്പോയിൽ നടന്നു. എംപാനൽ ജീവനക്കാരെ പിരിച്ചു വിടണമെന്നും റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കണമെന്നുമുള്ള കോടതി ഉത്തരവിന്റെ ലംഘനമാണിതെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു
നേരത്തെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ നിയമനം ലഭിക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയും എംപാനൽ ജീവനക്കാരെ പിരിച്ചു വിടണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമനം പ്രതീക്ഷിച്ചിരുന്ന റാങ്ക് ലിസ്റ്റുകാരെയാണ് 5000 രൂപ സുരക്ഷാ നിക്ഷേപം കെട്ടിവെച്ച് എം പാനലുകാരായി നിയമിക്കുന്നത്. നിലവിൽ മലപ്പുറം ഡിപ്പോയിൽ ഒഴിവില്ലാത്തതിനാൽ നിലമ്പൂർ പൊന്നാനി പെരിന്തൽമണ്ണ എന്നിവിടങ്ങളിലാകും നിയമനം. ഇതിനായി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളുടെ റോഡ് ടെസ്റ്റ് ഉൾപ്പടെയുള്ള പരിശോധനയാണ് മലപ്പുറം ഡിപ്പോയിൽ ഇന്ന് നടന്നത്.
പി എസ് സി റാങ്ക് പട്ടികയിൽ ഉള്ളവരെ എംപാനൽ, കരാർ ജീവനക്കാരായി നിയമനം നടത്തരുതെന്ന നേരത്തെയുള്ള പിഎസ്‌സി ഉത്തരവിന്റെ ലംഘനം കൂടിയാണിത്. എന്നാൽ സോണൽ മേധാവിയുടെ തീരുമാനപ്രകാരമാണ് നിയമനം നടക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here