യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; നടപടിയെടുക്കുമെന്ന് സിപിഐഎം പറയുന്നത് കണ്ണിൽ പൊടിയിടാനെന്ന് വി മുരളീധരൻ

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം കേരളത്തിന് നാണക്കേടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗുണ്ടായിസം, മയക്കുമരുന്ന് എന്നിവയുടെ കേന്ദ്രമായി യൂണിവേഴ്‌സിറ്റി കോളേജ് മാറുന്നു. നടപടി എടുക്കുമെന്ന് സിപിഐഎം പറയുന്നത് കണ്ണിൽ പൊടിയിടാനാണെന്നും വി മുരളീധരൻ പറഞ്ഞു.
വധശ്രമത്തിന് പൊലീസ് നടപടി എടുക്കണം. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് പ്രതികൾ ഒളിവിൽ പോകുന്നത്. നേരെത്തെ പല കേസുകളിലും സിപിഐഎം സംരക്ഷിച്ചവരാണ് മുംബൈ പീഡന കേസിൽ ഉൾപ്പെട്ടിരിക്കുനത്. യുജിസിയുടെ മാനദണ്ഡങ്ങളിൽ കോളേജ് ഒന്നാം സ്ഥാനത്ത് എങ്ങനെ എത്തുന്നുവെന്ന് അന്വേഷിക്കണമെന്നും വി മുരളീധരൻ ഡൽഹിയിൽ ആവശ്യപ്പെട്ടു.
അതിനിടെ, കുത്തിയത് എസ്എഫ്‌ഐ പ്രവർത്തകൻ ശിവരഞ്ജിത്തെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രൻ ഡോക്ടർക്ക് മൊഴി നൽകി. നസീം, അതിൽ, ആരോമൽ, ഇബ്രാഹിം, എന്നിവർ ചേർന്നാണ് മർദിച്ചത്. തന്നെ കൊല്ലാനായിരുന്നു അവരുടെ ശ്രമമെന്നും അഖിൽ പറഞ്ഞു. അഖിലിനെ കുത്തിപ്പരുക്കേൽപ്പിച്ചത് എസ്എഫ്‌ഐ പ്രവർത്തകനായ ശിവരഞ്ജിത്താണെന്നാണ് എഫ്‌ഐആറിലും പറയുന്നത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. അതേസമയം, സംഭവത്തിൽ പ്രതികളെ ഇതു വരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here