കർണാടക രാഷ്ട്രീയ പ്രതിസന്ധി; എംടിബി നാഗരാജ് വിമതർക്കൊപ്പം ചേർന്നു

കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി നൽകി വിമത നേതാവ് എംടിബി നാഗരാജ് മുംബൈയിൽ താമസിക്കുന്ന വിമതർക്കൊപ്പം ചേർന്നു. നാഗരാജ് ഇന്ന് രാജി പിൻവലിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. വിശ്വാസ വോട്ടിൽ വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കുമെന്ന് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ കമല തടയാൻ ബെംഗളൂരുവിലെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.
ഇന്നലെ പുലർച്ചെ മുതൽ രാത്രിവരെ കോൺഗ്രസ് നേതാക്കൾ എംടിബി നാഗരാജിനെ അനുനയിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ,കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ എന്നിവർ കൊണ്ടുപിടിച്ചു ശ്രമിച്ചു. ഇന്ന് നാഗരാജും കെ സുധാകറും രാജി പിൻവലിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ . ഇരുവരുടേയും ചുവടുമാറ്റം ബിജെപി ക്യാമ്പിൽ ആശങ്ക പടർത്തി. പക്ഷേ രാവിലെ സ്ഥിതി മാറി. യെദ്യൂരപ്പയുടെ പിഎ സന്തോഷിനൊപ്പം എംടിബി നാഗരാജ് പ്രത്യേക വിമാനത്തിൽ മുംബൈയ്ക്കു പോയി. സംഭവം അറിഞ്ഞതോടെ കുമാരസ്വാമി ദേവഗൗഡയുടെ വസതിയിലെത്തി ചർച്ച നടത്തി. വിപ്പ് ലംഘിച്ചാൽ വിമതർ അയോഗ്യരാകുമെന്ന് ഡി കെ ശിവകുമാർ മുന്നറിയിപ്പു ന്നൽകി.
സിദ്ധരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പാർട്ടി എംഎൽഎമാർ താമസിക്കുന്ന താജ് വിവാന്തയിലെത്തി. ബിഎസ് യെദ്യൂരപ്പ ബിജെപി എംഎൽഎമാർ താമസിക്കുന്ന റമദ റിസോർട്ടിലുമെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here