കുൽഭൂഷൺ ജാദവ് കേസ്; അന്താരാഷ്ട്ര കോടതിയുടെ വിധി നാളെ

കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി നാളെ. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് നാളെ വിധി വരാനിരിക്കുന്നത്.
2016 മാർച്ചിൽ ഇറാനിൽ നിന്നാണ് ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷണെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം മെയ് ആദ്യം വധശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്തു. ചാരവൃത്തിക്കും ഭീകരവാദത്തിനുമാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. മെയ് മാസത്തിൽ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. മെയ് 15നാണ് അന്താരാഷ്ട്ര കോടതിയിൽ വാദം ആരംഭിച്ചത്. കുൽഭൂഷൺ ജാദവ് ഇന്ത്യയുടെ ചാരനാണെന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയിൽ പാക്കിസ്ഥാന്റെ വാദം. കെട്ടിച്ചമച്ച കഥകളാണ് പാക്കിസ്ഥാൻ സമർപ്പിച്ചതെന്ന് ഇന്ത്യയും വാദിച്ചിരുന്നു.
നെതർലന്റ്സിലെ ഹേഗിൽ പ്രവർത്തിക്കുന്ന പീസ് പാലസിൽ ഇന്ത്യൻ സമയം ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് കോടതി പ്രസിഡന്റ് കൂടിയായ ജഡ്ജ് അബ്ദുൾഖാവി അഹമദ് യൂസഫ് വിധി പ്രസ്താവിക്കും. രണ്ട് വർഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസിൽ നാളെ വിധി പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here