Advertisement

യൂണിവേഴ്‌സിറ്റി കോളേജ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇടതു മുന്നണി യോഗം നാളെ ചേരും

July 16, 2019
Google News 0 minutes Read

യൂണിവേഴ്സിറ്റി കോളജ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇടതുമുന്നണി യോഗം നാളെ ചേരും. വിവാദത്തിന്റെ പേരിൽ സിപിഐഎമ്മിന്റേയും സിപിഐയുടേയും വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള പോര് മൂർച്ഛിക്കുന്നതിനിടെയാണ് യോഗം. വൈകിട്ട് മൂന്നിന് തിരുവനന്തപുരം എകെജി സെന്ററിൽ ചേരുന്ന യോഗത്തിൽ ഘടകകക്ഷികളുടെ അമർഷം മറനീക്കിയേക്കും.

എസ്എഫ്‌ഐക്ക് ആധിപത്യമുള്ള ക്യാംപസുകളിൽ തങ്ങളുടെ വിദ്യാർത്ഥി സംഘടനക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്ന ആക്ഷേപം കാലങ്ങളായി സിപിഐക്കുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐക്കാർ തമ്മിലുള്ള സംഘർഷവും തുടർ വിവാദവും ഈ ആവശ്യം ശക്തമായി ഉന്നയിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന പരാതി കാനം രാജേന്ദ്രൻ തന്നെ പരസ്യമായി ഉന്നയിച്ചിരുന്നു. വിവാദത്തിനിടെ എഐഎസ്എഫ് യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് രൂപീകരിക്കുകയും, എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി സജീവമാകുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം യോഗത്തിൽ പരാമർശിക്കപ്പെട്ടേക്കാം.

പുതിയ സംഭവ വികാസങ്ങളിൽ മറ്റുഘടകകക്ഷികൾക്കും അമർഷമുണ്ടെങ്കിലും, യോഗത്തിൽ ഉന്നയിക്കുമോ എന്ന് ഉറപ്പില്ല. കേസിൽ പ്രതികളായ പ്രവർത്തകരെ പുറത്താക്കുകയും, പൊലീസ് നടപടികൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നായിരിക്കും സിപിഐഎമ്മിന്റെ വിശദീകരണം. നെടുങ്കണ്ടം കസ്റ്റഡി മരണവും മുന്നണിയോഗം പരിഗണിച്ചേക്കാം. പൊലീസ് നിരന്തരം വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിലും ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. പ്രളയ പുനർനിർമാണം, വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ എന്നിവയും മുന്നണി യോഗത്തിൽ ചർച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here