സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആരോപണം; ഇന്‍ഡോനേഷ്യയില്‍ മലയാളികള്‍ ഉള്‍പ്പെടെ 23 ഇന്ത്യക്കാര്‍ കരുതല്‍ തടങ്കലില്‍

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്‍ഡോനേഷ്യയില്‍ മലയാളികള്‍ ഉള്‍പ്പെടെ 23 ഇന്ത്യക്കാര്‍ കരുതല്‍ തടങ്കലില്‍. മൂന്ന് കാസര്‍ഗോട്ടുകാരും ഒരു പാലക്കാട് സ്വദേശിയുമടങ്ങുന്ന സംഘമാണ് തടങ്കലിലായത്. സഹായമഭ്യര്‍ത്ഥിച്ച് സംഘം വീഡിയോ സന്ദേശം അയച്ചു.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 23 ഇന്ത്യക്കാര്‍ അടങ്ങുന്ന കപ്പല്‍ ഇന്‍ഡോനേഷ്യയില്‍ പിടിച്ചു വച്ചതായാണ് വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തുന്നത്. ഇതില്‍ മൂന്ന് കാസര്‍ഗോട്ടക്കാരും ഒരു പാലക്കാട് സ്വദേശിയും ഉള്‍പ്പെടും. ഫെബ്രുവരി എട്ടിനാണ് എം ടി എസ് ജി പേഗോസ് എന്ന ആംഗ്ലോ ഈസ്റ്റര്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പല്‍ സിംഗപ്പൂരിനടുത്ത് വെച്ച് ഇന്‍ഡോനേഷ്യന്‍ നാവികസേന പിടികൂടിയത്.
കാസര്‍ഗോഡ് സ്വദേശികളായ മൂസക്കുഞ്ഞി ,കലന്തര്‍ ,അനൂപ് തേജ് പാലക്കാട് സ്വദേശി വിപിന്‍ രാജ് എന്നിവരും ഗോവ ഉത്തര്‍പ്രദേശ് മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുഉള്ളവരുമാണ് ഇപ്പോള്‍ തടങ്കലില്‍ കഴിയുന്നത്. തടങ്കലില്‍ കഴിയുന്നവരുടെ വീഡിയോ സന്ദേശം എത്തിയതോടെ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ വിദേശകാര്യ വകുപ്പ് മന്ത്രിക്കുള്‍പ്പടെ നിവേദനം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തടങ്കലില്‍ കഴിയുന്നവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here